തിരുവനന്തപുരം: ഒൻപതാം ക്ലാസിലെ പരീക്ഷ പൂർത്തിയാകുന്നതിന് മുൻപ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. 2025 – 26 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം ഏപ്രിൽ രണ്ടാം വാരം മുഖ്യമന്ത്രി നിർവഹിക്കും. അതിനു മുന്നോടിയായി പത്താം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ മാർച്ച് 25 ഉച്ചയ്ക്ക് 12:30ന് ഒൻപതാം ക്ലാസിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് നിയമസഭാ മന്ദിരത്തിലെ ചേoബറിൽ വച്ച് മുഖ്യമന്ത്രി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതാദ്യമായാണ് ഒൻപതാം ക്ലാസിലെ പരീക്ഷ പൂർത്തിയാകുന്നതിന് മുൻപ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോംപൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു. വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാ യോഗങ്ങളിലാണ് മന്ത്രിയുടെ നിർദേശം.
content highlight : minister-v-sivankutty-says