തിരുവനന്തപുരം: മൊബൈൽ ഫോണും ഇന്റർനെറ്റും അമിതമായി ഉപയോഗിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന ഡിജിറ്റൽ അഡിക്‌ഷൻ കണ്ടെത്തി പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ 6 നഗരങ്ങളിൽ ഡിജിറ്റൽ ഡി അഡിക്‌ഷൻ സെന്ററുകൾ (ഡി–ഡാഡ്) ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ജില്ലാപൊലീസ് മേധാവികൾക്കാണ് ഇതിന്റെ ചുമതല.
കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, വൈകാരികവും വ്യക്തിപരവുമായ പ്രശ്നങ്ങൾ, പഠന പ്രശ്നങ്ങൾ, ശാരീരികമായ വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള വിവരം നൽകുന്നതിനും പരാതികൾ അറിയിക്കുന്നതിനും കേരള പൊലീസിന്റെ ചിരി ഹെൽപ് ലൈൻ (94979 00200) നമ്പർ 24 X 7 പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിലെ മൊബൈൽ അഡിക്‌ഷൻ തോതു മനസ്സിലാക്കി കൗൺസലിങ് നൽകുന്നതിനും ഇവ നിയന്ത്രിക്കുന്നതിനാവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും മനഃശാസ്ത്ര വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ സേവനം വിനിയോഗിക്കുന്നുണ്ട്.