തിരുവനന്തപുരം: ആശ, അംഗൻവാടി ജീവനക്കാരുടെ പ്രതിഷേധത്തിനു പിന്നാലെ വനിതാ പൊലീസ് റാങ്ക് ഹോൾഡർമാരും സമരത്തിലേക്ക്. ഏപ്രിൽ 2 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്താനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ, 30% ൽ താഴെ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു. ഈ പശ്ചാത്തലത്തിലാണ് സമരം.
വനിതാ സിപിഒ റാങ്ക് ലിസ്റ്റിലെ 967 ഉദ്യോഗാർഥികളിൽ 259 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാർശകൾ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രിൽ രണ്ട് മുതൽ നിരാഹാരത്തിലേക്ക് ഇവർ കടക്കുന്നത്.
ഓരോ സ്റ്റേഷനിലും കുറഞ്ഞത് 6 വനിതാ സിപിഒമാർ ആവശ്യമാണ്, എന്നാൽ സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിനും അതിന്റെ പകുതി പോലും ഇല്ല. പൊലീസ് സേനയിലെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അംഗബലം കൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷനടക്കം നിർദേശിച്ചിട്ടും ലിസ്റ്റ് വന്ന് 8 മാസത്തിനു ശേഷമാണ് ആദ്യ ബാച്ച് ജോലിയിൽ പ്രവേശിച്ചതെന്നും ഇവർ പറയുന്നു. ഉയർന്ന കട്ട് ഓഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂർത്തിയാക്കി ലിസ്റ്റിൽ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 19 നാണ് അവസാനിക്കുക.