പൊതുസ്ഥലങ്ങളിലെ പ്രചാരണങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാര്‍ നടപടി. വിഷയത്തില്‍ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു.
നിയമവിരുദ്ധം അല്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിച്ചുള്ള പ്രചാരണം നടത്താമെന്നായിരിക്കും നിയമഭേദഗതി. ഇതിനായി ചെറിയ ഫീസ് ഈടാക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഭരണപക്ഷത്തു നിന്ന് ഇ കെ വിജയന്‍ എം എല്‍ എയാണ് സഭയുടെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിച്ചത്. പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമനിര്‍മാണ നടത്തണം എന്നായിരുന്നു ശ്രദ്ധ ക്ഷണിക്കലിലൂടെ ഇ കെ വിജയന്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ നിയമ ചട്ടഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം ബി രാജേഷ് മറുപടി നൽകി.
ജനകീയ പ്രശ്‌നങ്ങളും സമരങ്ങളും അടക്കം ജനങ്ങളില്‍ എത്തിക്കാനുള്ള പ്രചാരണ ബോര്‍ഡുകള്‍ക്കും ബാനറുകള്‍ക്കും എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത്.