കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്. പരിഷ്‌ക്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുളള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണ്. ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂര്‍ത്തീകരിച്ചു.
ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം അടുത്ത വര്‍ഷം നടക്കും. ജനകീയ, വിദ്യാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായി നാല് മേഖലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാഠപുസ്തകങ്ങള്‍ വികസിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1, 3, 5, 7, 9 ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 238 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും സമയബന്ധിതമായി വിതരണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈ വര്‍ഷം 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. അതില്‍ പത്താം ക്ലാസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട്അച്ചടി വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും വിതരണത്തിന് തയ്യാറാക്കുകയും ചെയ്തു.
ഈ വര്‍ഷം പരിഷ്‌കരണത്തിന്റെ ഭാഗമായി തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും, കലാവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുകയും ചെയ്തു. കൂടാതെ 1, 2 ക്ലാസുകളില്‍ കുട്ടികളുടെ അടിസ്ഥാനശേഷി വര്‍ദ്ധിപ്പിക്കാന്‍ എല്ലാ വിഷയങ്ങളിലും പ്രത്യേകം പ്രവര്‍ത്തന പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്തു. സംസ്ഥാനത്തെ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസിന്റെ നേതൃത്വത്തില്‍ അച്ചടിക്കുന്നത്. ഇത് കുടുംബശ്രീ മുഖേന വിദ്യാലയങ്ങളിലെത്തിക്കുന്നു.
നിയമസഭയിലെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കിയാണ് മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ.ആര്‍ കെ ജയപ്രകാശ്, എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. സുപ്രിയ എ ആര്‍, കെ ബി പി എസ് എം ഡി സുനില്‍ ചാക്കോ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
CONTENT HIGH LIGHTS; The Chief Minister inaugurated the release and distribution of textbooks for class 10 to students before the end of the class 9 exams.