കേരള സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് ലോക നാടക ദിനമായ മാര്‍ച്ച് 27 ന് തിരുവനന്തപുരത്ത് തിരശീല ഉയരും. പാളയം സെനറ്റ് ഹാളില്‍ മാര്‍ച്ച് 27 ന് വൈകുന്നേരം 5.30 ന് ബഹു.ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എന്‍. ബാലഗോപാല്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ശ്രീ രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. സിന്‍ഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ചെയര്‍മാനുമായ അഡ്വ.ജി. മുരളീധരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ജനറല്‍ കണ്‍വീനറുമായ ഡോ.ഷിജു ഖാന്‍ ജെ.എസ്. സ്വാഗതം ആശംസിക്കും.
ചടങ്ങില്‍ ആദ്യകാല നാടക പ്രതിഭകളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം കായംകുളം കെ പി എ സി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അരങ്ങേറും. തുടര്‍ന്ന് മാര്‍ച്ച് 31 വരെ പാളയം സെനറ്റ് ഹൌസ് ക്യാമ്പസ്സില്‍ ദിവസേന വൈകുന്നേരങ്ങളില്‍ രണ്ട് നാടകം വീതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 5 ദിവസം നീളുന്ന നാടകോത്സവം സെനറ്റ് ഹൗസ് ക്യാമ്പസിലെ മൂന്നു വേദികളിലായാണ് അരങ്ങേറുന്നത്. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അമേറ്റര്‍ നാടക മത്സരത്തില്‍ മികച്ച നാടകം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മാടന്‍ മോക്ഷം, രണ്ടാമത്തെ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട പൊറാട്ട്, നാഷണല്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനം നേടിയ കേരള സര്‍വ്വകലാശാലയുടെ അഭയ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ നാടക മത്സരത്തില്‍ എ ഗ്രേഡ് നേടി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ 10 ഡി റാപ്പേഴ്‌സ് എന്നിവയാണ് നാടകോത്സവത്തിലെ ശ്രദ്ധേയ നാടകങ്ങള്‍.
കൂടാതെ അടുത്തിടെ പ്രേക്ഷക പ്രശംസ നേടിയ മറ്റ് നാടകങ്ങളും അരങ്ങിലെത്തും. നാടകാവതരണങ്ങളോടൊപ്പം നാടക സംബന്ധിയായ പ്രഭാഷണങ്ങളും ഭരത് മുരളി നാടകോത്സവത്തിന്റെ ഭാഗമായി നടക്കും. 29ന് വൈകുന്നേരം 6 മണിക്ക് സമകാലീന അവതരണ സമ്പ്രദായങ്ങള്‍ എന്ന വിഷയത്തില്‍ നാടകാധ്യാപകനും നാടകപ്രവര്‍ത്തകനുമായ ഡോ. ശ്രീജിത് രമണന്‍ പ്രഭാഷണം നടത്തും. 30ന് വൈകുന്നേരം 6 മണിക്ക് സംസ്‌കാര നിര്‍മിതിയില്‍ നാടകത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ നാടക പ്രവര്‍ത്തകയും നാടക് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശൈലജ ജല പ്രഭാഷണം നടത്തും. 31ന് വൈകുന്നേരം 5.30 ന് സെനറ്റ് ഹാളില്‍ നടക്കുന്ന സമാപന ചടങ്ങ് ബഹു.ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും.
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ചെയര്‍മാനുമായ അഡ്വ.ജി. മുരളീധരന്‍ സ്വാഗതം ആശംസിക്കും. അധ്യാപകനും നാടക പ്രവര്‍ത്തകനുമായ പ്രൊഫ. അലിയാര്‍ ചടങ്ങില്‍ മുരളി സ്മൃതി പ്രഭാഷണം നടത്തും. ഭരത് മുരളി നാടകോത്സവത്തില്‍ അരങ്ങിലെത്തുന്ന നാടകങ്ങള്‍
27/03/2025
വ്യാഴം
7 മണിക്ക്
നാടകം : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
സംവിധാനം : തോപ്പില്‍ ഭാസി
അവതരണം : കെ.പി.എ.സി., കായംകുളം
28/03/2025
വെള്ളി
വൈകുന്നേരം 05മണിക്ക്
നാടകം : നൂറുശതമാനം സിന്ദാബാദ്
സംവിധാനം : അരുണ്‍ലാല്‍
അവതരണം : ലിറ്റില്‍ ഏര്‍ത്ത് സ്‌കൂള്‍ ഓഫ് തീയേറ്റര്‍, മലപ്പുറം
വൈകുന്നേരം 6 മണിക്ക്. നാം നീരാവില്‍ അവതരിപ്പിക്കുന്ന ഏകപാത്ര നാടകം ‘കാണ്മാനില്ല’
വൈകുന്നേരം 07 മണിക്ക്
നാടകം : വാഴ്വേ മായം
സംവിധാനം : രാജേഷ് ഇരുളം
അവതരണം: വള്ളുവനാട് ബ്രഹ്മ
29/03/2025
ശനി
വൈകുന്നേരം 05മണിക്ക്
നാടകം : ആല്‍ഫി (12) മിസ്സിംഗ്
സംവിധാനം : അഭിഷേക് രംഗപ്രഭാത്
അവതരണം : രംഗപ്രഭാത് ചില്‍ഡ്രന്‍സ് തിയേറ്റര്‍, തിരുവനന്തപുരം
വൈകുന്നേരം 07 മണിക്ക്
നാടകം : കു ഹൂ
സംവിധാനം : അരുണ്‍ലാല്‍
അവതരണം : ലിറ്റില്‍ ഏര്‍ത്ത് സ്‌കൂള്‍ ഓഫ് തീയേറ്റര്‍, മലപ്പുറം
( കര്‍ണാടക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രകാശ് രാജ് ഫൗണ്ടേഷന്റെ നിര്‍ദിഗന്ധ നാടകഗ്രൂപ്പുമായി സഹകരിച്ച് നിര്‍മിച്ച നാടകം)
30/03/2025
ഞായര്‍
വൈകുന്നേരം 05മണിക്ക്
നാടകം : അഭയ
സംവിധാനം : അഡ്വ. ശ്രീകുമാര്‍
അവതരണം : കേരള സര്‍വകലാശാല
( നാഷണല്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ ഒന്നാംസ്ഥാനം നേടിയ നാടകം)
വൈകുന്നേരം 07 മണിക്ക്
നാടകം : പൊറാട്ട്
സംവിധാനം : നിഖില്‍ദാസ്
അവതരണം : പഞ്ചമി തിയേറ്റര്‍സ്, തൃശൂര്‍
( കേരള സംഗീത നാടക അക്കാദമി അമേറ്റര്‍ നാടകോത്സവത്തില്‍ മികച്ച രണ്ടാമത്തെ നാടകം, മികച്ച രണ്ടാമത്തെ നാടകകൃത്ത്, മികച്ച രണ്ടാമത്തെ സംവിധായകന്‍, മികച്ച രണ്ടാമത്തെ നടന്‍ എന്നീ സംസ്ഥാനപുരസ്‌കാരങ്ങള്‍ നേടിയ നാടകം )
31/03/2025
തിങ്കള്‍
വൈകുന്നേരം 05മണിക്ക്
നാടകം : 10 D റാപ്പേഴ്‌സ്
സംവിധാനം : അമാസ് എസ്. ശേഖര്‍
അവതരണം : പ്രകാശ് കലാകേന്ദ്രം ബാലവേദി, കൊല്ലം
(സംസ്ഥാന ഹൈ സ്‌കൂള്‍ നാടകോത്സവത്തില്‍ എ ഗ്രേഡ് നേടി ഏറെ ശ്രദ്ധിക്കപ്പെട്ട നാടകം)
വൈകുന്നേരം 07 മണിക്ക്
നാടകം : മാടന്‍ മോക്ഷം
സംവിധാനം : ജോബ് മഠത്തില്‍
അവതരണം : മരുതം തിയേറ്റര്‍ ഗ്രൂപ്പ്, ആലപ്പുഴ
( കേരള സംഗീത നാടക അക്കാദമി അമേറ്റര്‍ നാടകോത്സവത്തില്‍ മികച്ച നാടകം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നീ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ നാടകം )
നാടകോത്സത്തില്‍ പ്രവേശനം സൗജന്യമാണ്.
CONTENT HIGH LIGHTS;The second Bharat Murali Drama Festival will be inaugurated on March 27: Entry to the festival is free