സ്വകാര്യ സർവകലാശാല ബില്ല് നിയമസഭ പാസാക്കി. വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയ ശേഷമാണ് ബില്ല് അവതരിപ്പിക്കുന്നതെന്നും കാലാനുസൃതമായ മാറ്റങ്ങൾ വേണമെങ്കിൽ അത് നടപ്പാക്കാവുന്നതാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. ചില വ്യവസ്ഥകൾക്കെതിരെ പ്രതിപക്ഷത്തിന് എതിർപ്പുണ്ടായിരുന്നെങ്കിലും ബില്ലിനെ എതിർത്തില്ല. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.
സംവരണം അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപ്പെടലുണ്ടാകും. അനുമതി പിൻവലിക്കാനുള്ള അധികാരവും സംസ്ഥാന സർക്കാരിനുണ്ടെന്നും. മന്ത്രി ആർ ബിന്ദു പറഞ്ഞു. സ്വകാര്യ സർവകലാശാലകൾ ഒന്നിലേറെ കാംപസുകളോടെ തുടങ്ങാമെന്ന വ്യവസ്ഥ സർക്കാർ ഒഴിവാക്കിയത് പ്രതിപക്ഷത്തിന് നേട്ടമായി.
ഒരേസമയം, ഒന്നിലേറെ കാംപസുകളോടെ സർവകലാശാല ആരംഭിക്കാൻ പാടില്ലെന്നാണ് യുജിസി വ്യവസ്ഥ. അഞ്ചുവർഷത്തിനുശേഷം ഓഫ് കാംപസോ ഓഫ്‌ഷോർ കാംപസോ തുടങ്ങാം. പ്രതിപക്ഷം ഉന്നയിച്ച ചട്ടലംഘനം ബോധ്യപ്പെട്ടതോടെ ഔദ്യോഗികഭേദഗതിയിലൂടെ സർക്കാർ പിഴവ് തിരുത്തുകയായിരുന്നു. സ്വകാര്യ സർവകലാശാലാ ബില്ലിൽ നിയമസഭയിൽ ചൂടേറിയ ചർച്ചയായിരുന്നു നടന്നത്. കെകെ രമ എംഎൽഎ മാത്രമാണ് ബിൽ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
STORY HIGHLIGHT: private university bill