UAE

ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതിയിലേക്ക് 5 മില്യണ്‍ ദിര്‍ഹം നല്‍കി ഡോ. ഷംഷീര്‍ വയലില്‍

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതിയിലേക്ക് 5 മില്യണ്‍ ദിര്‍ഹം (11.78 കോടി രൂപ) നല്‍കി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍. പിതാക്കന്മാരെ ആദരിക്കുന്നതിനും അര്‍ഹരായവര്‍ക്ക് ചികിത്സയും ആരോഗ്യസംരക്ഷണവും നല്‍കുന്നതിനുമായി ആരംഭിച്ച സുസ്ഥിര എന്‍ഡോവ്‌മെന്റ് ഫണ്ട് മാതാപിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യദാര്‍ഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യു ഇ യുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിയില്‍ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ആദരിച്ചു.

സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന വ്യക്തികളുടെ ജീവിതത്തില്‍ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി യുഎഇ യുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ‘നമ്മുടെ ജീവിതത്തില്‍ പിതാക്കന്മാര്‍ വഹിക്കുന്ന പങ്ക്, അവരുടെ സമര്‍പ്പണം, നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങള്‍ എന്നിവയ്‌ക്കെല്ലാമുള്ള ആദരവാണ് ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ഫണ്ടിലേക്കുള്ള ബുര്‍ജീലിന്റെ സംഭാവന. മറ്റുള്ളവര്‍ക്ക് കൈത്താങ്ങാവുക എന്ന ബുര്‍ജീലിന്റെ ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റിവ്‌സിന്റെ ജീവകാരുണ്യ പ്രവര്‍ത്തന വ്യാപ്തി ആഗോളതലത്തില്‍ വര്‍ധിപ്പിക്കാനും സാധിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റമദാനില്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റിവ്‌സ് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീര്‍. പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള മുന്‍ വര്‍ഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാഗമായിരുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതിയിലേക്ക് സംഭാവന നല്‍കാം. ഇതിനായി വെബ്‌സൈറ്റ് (Fathersfund.ae), കോള്‍ സെന്റര്‍ (800 4999), ദുബായ് നൗ (Dubai Now) ആപ്പ്, ദുബായ് കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്‌ഫോമായ ജൂഡ് (Jood.ae) , ബാങ്ക് ട്രാന്‍സാക്ഷന്‍, എസ് എംഎസ് (10 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1034 എന്ന നമ്പറിലേക്കും, 50 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1035 ലേക്കും, 100 ദിര്‍ഹം സംഭാവന ചെയ്യാന്‍ 1036 ലേക്കും, 500 ദിര്‍ഹത്തിന് 1038 ലേക്കും ‘ഫാദര്‍’ എന്ന് എസ്എംഎസ് ചെയ്യുക) എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.