വെർട്ടിക്കൽ ലിഫ്റ്റിങ് ബ്രിഡ്ജ് സംവിധാനമുള്ള പുതിയ പാമ്പൻ പാലത്തിന്റെ ഉദ്‌ഘാടനം ഉടനെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലം ഉദ്‌ഘാടനം ചെയ്യുക. അടുത്ത രണ്ടാഴ്ചയിൽ തന്നെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് വിവരം.സതേൺ റെയിൽവെയുടെ എജിഎം കുശാൽ കിഷോറിനെ ഉദ്ധരിച്ചുകൊണ്ട് ഒരു തമിഴ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീയതി റെയിൽവേ മന്ത്രാലയം പുറത്തിറക്കാനിരിക്കുന്നതേയുള്ളൂ. നിലവിൽ പാലത്തിന്റെ സുരക്ഷയും മറ്റ് കാര്യങ്ങളും റെയിൽവേ നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടെ ട്രയൽ റൺ നടത്തിയും സ്പീഡ് ടെസ്റ്റുകൾ നടത്തിയുമാണ് പരിശോധനകൾ നടക്കുന്നത്. പാമ്പൻ പാലം തുറന്നുനൽകിയാൽ കേരളത്തിനും ഗുണമുണ്ടാകും.
കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് ഇതുവരെ നേരിട്ട് ട്രെയിനുകളില്ല. എന്നാൽ പാലം തുറന്നാൽ രണ്ട് ട്രെയിനുകൾ കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് ഓടിത്തുടങ്ങും. നിലവിൽ തിരുവനന്തപുരത്ത് നിന്ന് മധുരൈ വരെ പോകുന്ന അമൃത എക്സ്പ്രസ് ആണ് രാമേശ്വരത്തേക്ക് സർവീസ് നീട്ടുന്ന ഒരു വണ്ടി. ഇതിനായുള്ള വിജ്ഞാപനം നേരത്തെ ഇറങ്ങിയതാണ്. വണ്ടിയുടെ കോച്ച് കോമ്പോസിഷനും രാമേശ്വരത്തേക്ക് നീട്ടുന്നത് മുൻനിർത്തി മാറ്റിയിരുന്നു. മംഗലാപുരത്ത് നിന്നും രാമേശ്വരത്തേക്ക് പോകുന്ന ഒരു ട്രെയിനാണ് മറ്റൊന്ന്. ഇതിന്റെ വിജ്ഞാപനവും നേരത്തെ പുറത്തിറങ്ങിയതാണ്. ശനിയാഴ്ചകളിൽ രാത്രി 7.30ന് മംഗലാപുരത്തുനിന്നും എടുക്കുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 11.45ന് രാമേശ്വരത്ത് എത്തും. തിരിച്ച് 2 മണിക്ക് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച കാലത്ത് 5.50ന് മംഗലാപുരത്തെത്തും.
പൊള്ളാച്ചി, പഴനി വഴിയാണ് സർവീസ് എന്നത് തീർത്ഥാടകർക്ക് ഏറെ ഉപകാരമാകും.ഇന്ത്യൻ എഞ്ചിനീയറിങ് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ വിസ്മയമാണ് പുതിയ പാമ്പൻ പാലം. പതിനേഴ് മീറ്റർ ഉയരമുള്ള വെർട്ടിക്കൽ സസ്പെൻഷനാണ് ഈ പാലത്തിന്റെ ഹൈലൈറ്റ്. ബോട്ടുകൾക്ക് കടന്നുപോകാനായി ഇവ ലംബമായി ഉയർത്താനാകുമെന്നതാണ് പ്രത്യേകത. നേരത്തെ മൽസ്യത്തൊഴിലാളികളെയും ബോട്ടുകളെയും കടത്തിവിട്ട് ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചിരുന്നു. പുതിയ പാലത്തിലൂടെ ട്രെയിനുകൾക്ക് ഒച്ചിഴയും പോലെ ഇഴയേണ്ടിവരില്ല എന്നതാണ് മറ്റൊരു ഹൈലൈറ്റ്. പഴയ പാമ്പൻ പാലത്തിലൂടെ മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ മാത്രമേ ട്രെയിനുകൾക്ക് കടന്നുപോകാൻ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ രണ്ട് കിലോമീറ്റർ പാലം കടക്കാൻ ഒരുപാട് സമയം എടുക്കുമായിരുന്നു. എന്നാൽ പുതിയ പാലത്തിലൂടെ 80 കിലോമീറ്റർ വേഗതയിൽ ‘പറക്കാം’.
STORY HIGHLIGHTS : two-trains-from-kerala-as-new-pamban-bridge-opens
















