ബയ്റുത്ത്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബയ്റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലിൽ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ എന്ന പേരിലാകും അദ്ദേഹം അറിയപ്പെടുക. ബസേലിയോസ് എന്നത് കാതോലിക്കയുടെ സ്ഥിരനാമമാണ്. സിറിയയിലെ ദമാസ്കസ് ആണ് അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആസ്ഥാനം. സിറിയയിലെ സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്താണ് ചടങ്ങ് ലബനനിലെ ബയ്റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലിലേക്ക് മാറ്റിയത്.
ഔദ്യോഗിക സംഘത്തെ അയച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാത്രിയര്‍ക്കീസ് ബാവ ആമുഖ പ്രസംഗത്തിൽ പ്രത്യേകം നന്ദി അറിയിച്ചു. ഇന്ത്യയുടെ മറ്റുമതങ്ങളോടുള്ള സഹിഷ്ണുതയേയും സ്നേഹത്തേയും ബാവ പ്രത്യേകം പരാമർശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബാവ പ്രത്യേകം നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സഭയോട് കാണിക്കുന്ന സ്നേഹത്തിനും സർക്കാർ പ്രതിനിധി സംഘത്തെ അയച്ചതിലും നന്ദി അറിയിക്കുന്നതായും ബാവ പറഞ്ഞു.
പാത്രിയർക്കീസ് ബാവയുടെ കീഴിൽ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്കാ ബാവയാണ് മാർ ഗ്രിഗോറിയോസ്. ആകമാന സുറിയാനി സഭയിലെ ഭരണശ്രേണിയിൽ പാത്രിയർക്കീസ് ബാവയ്ക്കുശേഷം സഭയിൽ രണ്ടാം സ്ഥാനീയനാണ് ശ്രേഷ്ഠ കാതോലിക്ക. മെത്രാപ്പോലീത്തമാരെ വാഴിക്കാനും പ്രാദേശിക സുന്നഹദോസിനെ നയിക്കാനും കാതോലിക്കക്ക് അധികാരമുണ്ട്. ശ്രേഷ്ഠബസേലിയോസ് ജോസഫ് ബാവാ കാനോനിക കാതോലിക്കയാവുന്നത് യാക്കോബായ അസോസിയേഷൻ ഐകകണ്ഠ്യേന തിരഞ്ഞെടുത്തതിന് ശേഷമാണ്.
സഭാ ശുശ്രൂഷയിലും അന്ത്യോക്യ-മലങ്കര ബന്ധം കാത്തുസൂക്ഷിക്കുന്നതിലും അതീവ ശ്രദ്ധപുലർത്തിയിരുന്ന ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനലബ്ധി സഭയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ കരുത്തേകുമെന്ന വിശ്വാസത്തിലാണ് വിശ്വാസികൾ. സമന്വയത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും മാതൃക സൃഷ്ടിച്ചാണ് ജോസഫ് മാർ ഗ്രിഗോറിയോസ് തന്റെ സഭാജീവിതം മുന്നോട്ടുകൊണ്ടുപോയത്. 31 വർഷം മെത്രാപ്പോലീത്തയായി സഭയെ സേവിക്കുകയും നയിക്കുകയും ചെയ്തു. തളരാത്ത ആത്മവിശ്വാസത്തിന്റെ ഉടമ കൂടിയാണ് നിയുക്ത കാതോലിക്ക. 18 വർഷം സുന്നഹദോസ് സെക്രട്ടറിയായും പരിചയമുണ്ട്.
പാത്രിയര്‍ക്കീസ് ബാവയുടെ കീഴില്‍ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്കാ ബാവയാണ് മാര്‍ ഗ്രിഗോറിയോസ്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, സിറിയന്‍ കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, കല്‍ദായ സുറിയാനി സഭ തുടങ്ങി വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, ബെന്നി ബഹനാൻ എംപി, ഷോൺ ജോർജ് എന്നിവർ കേന്ദ്രസർക്കാർ പ്രതിനിധികളായും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ എംഎൽഎമാരായ അനൂപ് ജേക്കബ്, ഇ.ടി. ടൈസൺ, എൽദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിൾ, പി.വി. ശ്രീനിജിൻ എന്നിവരും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും കേരള സർക്കാരിന്റെ പ്രതിനിധികളായും പങ്കെടുത്തു.
content highlight : joseph-mar-gregorios-new-catholicos-ordination