മൃദംഗ ശൈലേശ്വരിക്ഷേത്ര ഹാളിലെ ഇഫ്താര്‍ സംഗമത്തിനെതിരെ ഹിന്ദുസേവാ സമിതി; പരിപാടി റദ്ദാക്കി മലബാര്‍ ദേവസ്വം ബോര്‍ഡ്

കണ്ണൂര്‍: മുഴക്കുന്ന് മൃദംഗ ശൈലേശ്വരിക്ഷേത്രഹാളില്‍ നടത്താനിരുന്ന ഇഫ്താര്‍ സംഗമം റദ്ദാക്കിയതായി ക്ഷേത്ര ഭരണസമിതി. ഇഫ്താര്‍ സംഗമത്തിനെതിരെ ഹിന്ദുസേവാ സമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം മലബാര്‍ ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു.

മതസൗഹാര്‍ദ്ദം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടത്തിയിരുന്നു. മാര്‍ച്ച് 26 ന് വൈകിട്ട് ആറു മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ഹിന്ദു സേവാ സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ഇഫ്താര്‍ സമ്മേളനം നടത്തില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രം, പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുള്ള കമ്മിറ്റിയാണ് ഭരണം നടത്തുന്നതെന്നും ക്ഷേത്രോത്സവവും മറ്റ് ചടങ്ങുകളും സിപിഎം നേതൃത്വത്തിലാണെന്നും കരാര്‍, സ്ഥിരം തസ്തികകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ടെന്നും ഹിന്ദു സേവാ കേന്ദ്രം ആരോപിക്കുന്നു. ഹിന്ദു സേവാ സമിതിക്കായി അഡ്വ. കൃഷ്ണരാജാണ് ഹാജരായത്.

പരിപാടിയുടെ പോസ്റ്റര്‍ കണ്ടപ്പോഴാണ് ഇഫ്താര്‍ വിരുന്നിനെക്കുറിച്ച് അറിഞ്ഞത്. പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമായി ക്ഷേത്രത്തിനടുത്താണ് ഇഫ്താര്‍ വിരുന്ന് നടത്തുന്നത്, അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹിന്ദു ഐക്യവേദി നേതാവ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. എന്നാല്‍ മതസൗഹാര്‍ദം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ക്ഷേത്ര ഭരണ സമിതി പറയുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ഗായകന്‍ കെ.ജെ. യേശുദാസ് എന്നിവരുള്‍പ്പെടെ നിരവധി അഹിന്ദുക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം കൂടുതല്‍ വര്‍ഗീയമായി മാറുന്നത് നിര്‍ഭാഗ്യകരമാണെന്ന് ക്ഷേത്ര കമ്മിറ്റി അംഗം പ്രഭാകരന്‍ എംകെ പറഞ്ഞു.

content highlight : the-muzhakkunnu-mridanga-syleshwari-temple-committee

Latest News