തൊടുപുഴ: ഡാമുകൾക്കും ജലാശയങ്ങൾക്കും ചുറ്റും ഖനന നിയന്ത്രണത്തിനുള്ള ബഫർ സോൺ ഉത്തരവുമായി ജലവിഭവ വകുപ്പ്. ഈ ജനുവരി 20ന് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. 2021ലെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ ഡാമുകളിലും ഈ ഉത്തരവ് ബാധകമാക്കി.കൂടാതെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ടണൽ, ബണ്ട്, കനാലുകൾ, തടയണകൾ, നദികൾ, അരുവികൾ, തടാകങ്ങൾ, കൈത്തോടുകൾ, കുളം, വാട്ടർ ടാങ്കുകൾ, എന്നിവയ്ക്കു ചുറ്റിലും ഈ ഉത്തരവ് പ്രകാരം ബഫർ സോൺ നിലവിൽവന്നു.
ഒരു കിലോമീറ്റർ മുതൽ 30 മീറ്റർ വരെയാണ് ബഫർ സോൺ പരിധി.പരിധിക്കു പുറത്തുള്ളവയ്ക്കു വകുപ്പിന്റെ നിരാക്ഷേപപത്രം (എൻഒസി) വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.കഴിഞ്ഞ ഡിസംബർ 26നു ജലവിഭവ വകുപ്പിന്റെ ഡാമുകൾക്കു ചുറ്റും 20 മീറ്റർ ബഫർ സോണും 100 മീറ്റർ പരിധിയിൽ നിർമാണ നിയന്ത്രണവുമേർപ്പെടുത്തിയിരുന്നു. ആ ഉത്തരവ് പിൻവലിക്കുമെന്ന് ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. അതിനിടയിലാണു ഖനനനിയന്ത്രണത്തിന്റെ ഉത്തരവ് പുറത്ത് വന്നത്.