Kerala

എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും; സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.

അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും. പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.