ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയുടെ വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽ നിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കോൺഗ്രസ് ഉൾപ്പെടെ പാർട്ടികൾ ഈ ആവശ്യം ഉന്നയിച്ചത്. അതിനു മുൻപ് അഭിപ്രായം രേഖപ്പെടുത്താനാകില്ലെന്ന് ഇന്നലെ പ്രതിപക്ഷ പാർട്ടികളുടെ കക്ഷിനേതാക്കൾ നിലപാട് എടുത്തു. തുടർന്ന് വീണ്ടും യോഗം ചേരാൻ ധാരണയായി. സംഭവം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ലോക്സഭയിൽ ഹൈബി ഈഡനും രാജ്യസഭയിൽ ഹാരിസ് ബീരാനും ആവശ്യപ്പെട്ടു.
നേരത്തേ സുപ്രീം കോടതി റദ്ദാക്കിയ, ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) നിയമം തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യം രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ സൂചിപ്പിച്ചെങ്കിലും പ്രതിപക്ഷം വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല. നിലവിലെ കൊളീജിയം രീതിയോടുള്ള വിയോജിപ്പും സംവരണം ഉൾപ്പെടെ ഇല്ലാത്തതും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉന്നയിച്ചു. എൻഡിഎ കക്ഷികളുമായി ചർച്ച ചെയ്യണമെന്ന അഭിപ്രായം രേഖപ്പെടുത്തിയ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ മറ്റു പാർട്ടികളും നേതൃതലത്തിൽ ചർച്ച നടത്തണമെന്ന് അഭ്യർഥിച്ചു. കേരളത്തിൽ നിന്ന് മുസ്‌ലിം ലീഗിലെ അബ്ദുൽ വഹാബ്, സിപിഎമ്മിലെ ജോൺ ബ്രിട്ടാസ്, സിപിഐയിലെ പി. സന്തോഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.