വീട് വാടകയ്ക്ക് എടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാക്കളെ എക്സൈസ് സംഘം പിടികൂടി. പൂവച്ചൽ ചക്കിപ്പാറയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് അൽത്താഫ് മൻസിലിൽ താമസിച്ചുവന്ന സുഹൈദ് ഇൻതിയാസ് (24), പൂവച്ചൽ അമ്പലം തോട്ടരികത്തു വീട്ടിൽ വിക്രമൻ മകൻ വിഷ്ണു (20) എന്നിവരെ എക്സൈസ് നെടുമങ്ങാട് ടീം പിടികൂടിയത്.
ഇവർ ലഹരി വിൽപ്പന നടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും 16 ഗ്രാം എംഡിഎംഎയും കണ്ടെടുത്തത്.
സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഇവർ കാലങ്ങളായി വിൽപ്പന നടത്തിവരികയാണെന്നും സുഹൈദ് മറ്റൊരു എംഡിഎംഎ കേസിൽ ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കച്ചവടത്തിനിറങ്ങിയതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.