മലബാറുകാരുടെ ഒരു പ്രധാന വിഭവം തയ്യാറാക്കിയാലോ? രുചികരമായ തേങ്ങാച്ചോറ് ഒന്ന് തയ്യാറാക്കി നോക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പ്പിയാണിത്.
ആവശ്യമായ ചേരുവകൾ
- കൈമ അരി- 3 ഗ്ലാസ്
- വെളിച്ചെണ്ണ- 3 ടേബിൾസ്പൂൺ
- ചുവന്നുള്ളി- 10
- പച്ചമുളക്- 3
- ഗ്രാമ്പൂ
- ഏലയ്ക്ക
- കറുവാപ്പട്ട
- വഴനയില
- കറിവേപ്പില
- വെള്ളം- 4 1/2 ഗ്ലാസ്
- ഉപ്പ്
- തേങ്ങാപ്പാൽ- 1 ഗ്ലാസ്
- എണ്ണ- 2 ടേബിൾസ്പൂൺ
- തേങ്ങ- 1 ബൗൾ
- പിസ്ത- 50 ഗ്രാം
തയ്യാറാക്കുന്ന വിധം
ബിരിയാണി തയ്യാറാക്കുന്ന പാത്രം അടുപ്പിൽ വെച്ച് ചൂടാക്കാം. അതിലേയ്ക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റാം. ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ പച്ചമുളക് പിളർന്നതു ചേർക്കാം. ഒരു പാനിൽ ഗ്രാമ്പൂ, കറുവാപ്പട്ട, വഴനയില, ഏലയ്ക്ക എന്നിവ വറുത്ത് പൊടിക്കാം. അത് ചുവന്നുള്ളിയിലേയ്ക്ക് ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് തിളപ്പിക്കാം. വെള്ളം തിളച്ച് വരുമ്പോൾ കുറുകിയ തേങ്ങാപ്പാൽ ഒഴിക്കാം. കൈമ അരി കഴുകിയെടുത്തത് ചേർത്ത് അടച്ച് വെച്ച് വേവിക്കാം. ഒരു പാനിൽ കുറച്ച് നെയ്യ് ഒഴിച്ച് തേങ്ങ കഷ്ണങ്ങളും പിസ്തയും ചേർത്ത് വറുക്കാം. അത് വെന്ത ചോറിലേയ്ക്ക് ചേർത്ത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.