നോർത്ത് ഇന്ത്യൻ തെരുവോരങ്ങളിൽ വിൽക്കപ്പെടുന്ന ഒരുഗ്രൻ ഐറ്റം തയ്യാറാക്കിയാലോ? എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ആഗ്ര പേഡ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- കുമ്പളങ്ങ- 1/2 കിലോ
- പഞ്ചസാര- 400 ഗ്രാം
- ചുണ്ണാമ്പ്- 1/2 ടീസ്പൂൺ
- ഏലയ്ക്ക- 3 എണ്ണ
തയ്യാറാക്കുന്ന വിധം
കുമ്പളങ്ങ തൊലി കളഞ്ഞ് മുറിച്ചെടുക്കാം. ചതുരാകൃതിയിൽ മുറിച്ചെടുത്ത കുമ്പളങ്ങ കഷ്ണങ്ങളിൽ ചെറിയ ദ്വാരങ്ങൾ ഫോർക്കുപയോഗിച്ചിട്ടുകൊടുക്കാം. ഒരു ബൗളിൽ അര ലിറ്റർ വെള്ളമെടുത്ത് ചുണ്ണാമ്പ് കലക്കിയെടുക്കാം. അതിലേയ്ക്ക് കുമ്പളങ്ങ കഷ്ണങ്ങൾ ചേർത്ത് 12 മണിക്കൂർ മാറ്റി വയ്ക്കാം. കുമ്പളങ്ങയിൽ വെള്ള നിറം വന്ന് കട്ടിയാകുന്നത് കാണാം. ഈ കഷ്ണങ്ങൾ അരിച്ചെടുത്ത് വെള്ളത്തിൽ കഴുകിയെടുക്കാം. ഇതിലേയ്ക്ക് അര ലിറ്റർ വെള്ളം ഒഴിച്ച് വേവിക്കാം. കുമ്പളങ്ങ കഷ്ണങ്ങൾ വെന്ത് മൃദുവായി കഴിഞ്ഞാൽ പഞ്ചസാര അലിയിച്ചതിലേയ്ക്ക് ചേർത്ത് മാറ്റി വയ്ക്കാം. മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഇങ്ങനെ പഞ്ചസാര ലായനിയിൽ സൂക്ഷിക്കാം. ശേഷം കുമ്പളങ്ങ കഷ്ണങ്ങൾ പുറത്തെടുത്ത് കട്ടിയായി കഴിയുമ്പോൾ കഴിക്കാം.