നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഫേസ്ബുക്കിലിട്ട കുറിപ്പിന് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണെന്ന് ശാരദ മുരളീധരന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു എന്നും വി ഡി സതീശന്‍ എഴുതി. നല്ലതല്ലെന്ന് കരുതപ്പെടുന്ന ഒരു നിറമാണ് തനിക്കെന്ന ബോധത്തോടെ 50 വര്‍ഷം ജീവിച്ച തന്റെ കാഴ്ചപ്പാട് മാറ്റിയത് തന്റെ മക്കളാണെന്ന് ശാരദ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഹൃദയസ്പര്‍ശിയായ വാക്കുകള്‍ക്ക് ശാരദ മുരളീധരനെ സല്യൂട്ട് ചെയ്യുന്നുവെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ എഴുതി.
‘‘സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു’’ – വി ഡി സതീശൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
മുന്‍ ചീഫ് സെക്രട്ടറിയും തന്റെ ഭര്‍ത്താവുമായ വേണുവിന്റേയും തന്റേയും നിറവ്യത്യാസത്തെ തങ്ങളുടെ പ്രവര്‍ത്തനരീതികളുമായി ബന്ധപ്പെടുത്തി മോശം കമന്റ് കേള്‍ക്കേണ്ടി വന്നുവെന്നാണ് ശാരദ ഫേസ്ബുക്കില്‍ കുറിച്ചത്. ശാരദയുടെ പ്രവര്‍ത്തനം കറുത്തതെന്ന് താന്‍ സുഹൃത്തില്‍ നിന്ന് കമന്റ് കേട്ടു. ഭര്‍ത്താവിന്റെ പ്രവര്‍ത്തനം വെളുത്തതാണെന്നും പറഞ്ഞുകേട്ടു. കറുപ്പ് ഗംഭീരമെന്നും തന്റെ കറുപ്പിനെ ഉള്‍ക്കൊള്ളുകയും ആ നിറത്തെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നുവെന്ന് ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ എഴുതി.