സ്വകാര്യ സർവകലാശാല ബില്ലിൽ സർക്കാരിനെ പരിഹസിച്ച് ശശി തരൂർ. 15-20 വർഷം വൈകിയുള്ള തീരുമാനമാണ് സർക്കാരിന്റേത്. മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും അവർ എതിർത്തെന്നും പുരോഗതിക്ക് വേണ്ടി സംസാരിക്കുന്നവർ കുറച്ചു വൈകിയിട്ടാണ് യാഥാർത്ഥ്യം കണ്ടുപിടിക്കുകയെന്നും തരൂർ പറഞ്ഞു.
കേരളത്തിൽ മാത്രമാണ് സ്വകാര്യ സർവകലാശാലകൾ ഇല്ലാത്തത്. ഇടതുപക്ഷം കാരണമാണ് ഇതുവരെ ഒഴിവായി നിന്നത്. അതിൽ അർത്ഥമില്ല. കുട്ടികൾ കേരളം വിട്ട് പുറത്ത് പഠിക്കാൻ പോകുന്നു. എന്തിനാണ് ഇത്ര വർഷം കാത്തിരുന്നത് എന്നാണ് ചോദ്യം. ഇപ്പോൾ ചെയ്തത് നന്നായി എന്നും തരൂർ പറഞ്ഞു.
ഇന്ത്യയിൽ മൊബൈൽ ഫോൺ അവതരിപ്പിക്കുന്നതിനെ എതിർത്ത ഒരേയൊരു പാർട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടികളാണെന്ന് തരൂർ പറഞ്ഞു. ഈ മാറ്റങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്ന് മനസ്സിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തു. അവർ അവർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവർ ഒരു ദിവസം ഒടുവിൽ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, പക്ഷേ അത് 22-ാം നൂറ്റാണ്ടിൽ മാത്രമായിരിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികളെ പരിഹസിച്ചുകൊണ്ട് തരൂർ പറഞ്ഞു.