Food

വൈകീട്ട് നോമ്പ് തുറക്കാൻ കിടിലൻ സ്വാദിൽ തയ്യാറാക്കാം കൂന്തൾ നിറച്ചത്

വൈകീട്ട് നോമ്പ് തുറക്കാൻ കിടിലൻ സ്വാദിൽ ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ? രുചികരമായ കൂന്തൾ നിറച്ചതിന്റെ റെസിപ്പി നോക്കാം. ഇത് ഈസി ആയി എങ്ങനെ വീട്ടിൽതയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • കൂന്തള്‍- ആറെണ്ണം
  • മഞ്ഞള്‍പ്പൊടി- ഒറു ചെറിയ സ്പൂണ്‍
  • മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍
  • ഉപ്പ്- പാകത്തിന്
  • വെളിച്ചെണ്ണ- ഒരു വലിയ സ്പൂണ്‍
  • വെളുത്തുള്ളി ചതച്ചത്- ഒരു വലിയ സ്പൂണ്‍
  • സവാള- ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
  • കശ്മീരി മുളകുപ്പൊടി- ഒന്നര ചെറിയ സ്പൂണ്‍
  • മല്ലിപ്പൊടി- ഒരു ചെറിയ സ്പൂണ്‍
  • തേങ്ങ ചിരകിയത്- കാല്‍ കപ്പ്
  • കുരുമുളകുപൊടി- അര ചെറിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം കൂന്തള്‍ നന്നായി വൃത്തിയാക്കണം. പിന്നീട് തലഭാഗം ചെറുതായി അരിഞ്ഞ് മാറ്റി വെക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച വെളുത്തുള്ളിയും പച്ചമുളകും ഇഞ്ചിയും സവാളയും ചേര്‍ത്ത് നന്നായി വഴറ്റുക. ചെറിയ തക്കാളിയുടെ പകുതിയും ചേര്‍ക്കുക. ഒന്ന് വാടിവരുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് തുടങ്ങിയവ ചേര്‍ത്തുകൊടുക്കുക. ശേഷം അതിലേക്ക് അരിഞ്ഞ് മാറ്റിവെച്ചിരിക്കുന്ന കൂന്തളിന്റെ തല ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. ശേഷം ചിരകിയ അരകപ്പ് തേങ്ങ ചേര്‍ത്ത് നന്നായി വെന്ത ശേഷം തീ ഓഫ് ചെയ്യുക. കൂന്തളിനുള്ള ഫില്ലിങ് റെഡി.

ഇനി കഴുകി മാറ്റിവെച്ച കൂന്തളിലേക്ക് തയ്യാറാക്കിയ മിശ്രിതം നിറച്ചുകൊടുക്കുക. കൂന്തളിന്റെ അറ്റത്തായി ഒരു സ്റ്റിക് കൊണ്ട് കുത്തിവെച്ചുകൊടുത്ത ശേഷം ആവിയില്‍ വേവിച്ചെടുക്കുക. ഒരു പാത്രത്തില്‍ മുളകുപൊടി, മല്ലിപ്പൊടി, ഉപ്പും, കുറച്ച് വെള്ളവും ചേര്‍ത്ത് ഒരു പേസ്റ്റ് രൂപത്തില്‍ തയ്യാറാക്കിയ ശേഷം ആവിയില്‍ വേവിച്ച കുന്തള്‍ മുഴുവനായും മസാല പുരട്ടിക്കൊടുക്കുക. ശേഷം ഒരു പാനില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക. കൊതിയൂറും ടേസ്റ്റി കൂന്തൾ റെഡി.