Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണന് സാവകാശം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് സാവകാശം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു.

എന്നാൽ ദില്ലിയിൽ പാർലമെന്റ് സമ്മേളനം അടക്കം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചു. അടുത്ത മാസം ഏഴിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരും ദിവസങ്ങളിൽ രാധാകൃഷ്ണന് നോട്ടീസ് അയക്കുക.

കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. ഈ നടപടിക്ക് ശേഷം കേസിൽ അന്തിമ കുറ്റപത്രം നൽകുമെന്നാണ് വിവരം.

Latest News