രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എം.പി. എല്ലാ മന്ത്രിമാരും പിണറായി വിജയന് പഠിക്കുകയാണോ, അത്ര അസഹിഷ്ണുതയാണോ മന്ത്രിമാർക്ക്. രാഹുൽ വെറുതെ പോയി ഇരുന്നതല്ല നിയമസഭയിൽ. മന്ത്രിയുടെ പറമ്പിൽ മാങ്ങാ പെറുക്കാൻ പോയതല്ല. പാലക്കാട് ജനത വമ്പൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചുവിട്ടതാണ് രാഹുൽ മാങ്കൂട്ടത്തിലിനെ. ഒന്നാം നിര ആരുടെയും തറവാട് വകയല്ല. നൽകിയ ജനങ്ങൾക്ക് അത് തിരിച്ചെടുക്കാൻ അറിയാം. പാലക്കാട് ജനതയ്ക്ക് തെറ്റിയില്ല എന്ന് തെളിഞ്ഞുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
സിപിഐഎമ്മും ബിജെപിയും ഒരുമിച്ചുള്ള കച്ചവടം ആണ് കൊടകര. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മണിക്കൂറുകൾ ചോദ്യം ചെയ്തതാണ് ഇഡി. സുരേന്ദ്രനെ പിണറായി വിജയനും തൊടില്ല, ഇഡിയും തൊടില്ല. പ്രാതലിന് വിളിക്കുന്നതും പ്രോട്ടോക്കോൾ ലംഘിക്കുന്നതും പിന്നിൽ ഇതേ കൂട്ടായ്മ. ചുവപ്പ് നരയ്ക്കാതെ കാവിയാകുന്ന സാഹചര്യം. ഒരു ഔന്നത്യവും കാണിക്കാത്ത ഒരാളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. നിറത്തിന്റെ പേരിൽ ചീഫ് സെക്രട്ടറിയെ ആക്ഷേപിക്കുന്നത് ശരിയല്ല. സമൂഹത്തിനാകെ നാണക്കേടാണ് ഇത്തരം കാര്യങ്ങൾ. നിറത്തിന്റെ പേരിൽ ആരെയും അപമാനിക്കരുത്. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യവും ശ്രദ്ധയിൽപ്പെട്ടു. എല്ലാ നിറവും ഭംഗിയുള്ളതാണെന്ന് ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.