കൊച്ചി: ആഗോള സ്വർണാഭരണ രംഗത്ത് ഡിസൈനിംഗ്, മാനുഫാക്ച്ചറിംഗ്, ഹോൾസെയിൽ എക്സ്പോർട്ട് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, കണ്ണൂർ സ്വദേശികളായ ദിനേഷ് കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണൻ കാമ്പ്രത്ത് എന്നിവർ റീട്ടെയിൽ വ്യാപാരരംഗത്ത് ചുവടുറപ്പിക്കുന്നു. ‘വിൻസ്‌മേര’ എന്ന ബ്രാൻഡിലൂടെ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി രണ്ടു വർഷത്തിനുള്ളിൽ 20 ജ്വല്ലറി സ്റ്റോറുകളും ഫാക്ടറികളും തുറക്കുമെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റീട്ടെയിൽ വ്യാപാര രംഗത്ത് 2000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ സ്റ്റോറുകളും കണ്ണൂരിൽ ഫാക്ടറിയും തുറക്കും. കൂടാതെ അബുദാബി, ദുബായ്, ഷാർജ എമിറേറ്റ്‌സുകളിൽ ഷോറൂമും ഫാക്ടറിയും ആരംഭിക്കും. റീട്ടെയിൽ വ്യാപാര ശൃംഖല വിപുലീകരിക്കുന്നതിലൂടെ പുതുതായി 2500ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. നിലവിൽ വിൻസ്‌മേര ഗ്രൂപ്പിനു കീഴിൽ 1000ലധികം ജീവനക്കാരാണുള്ളത്. ഇതിൽ പകുതിയിലധികവും വനിതകളാണ്. ആഭരണങ്ങളുടെ ഡിസൈനിംഗ് മുതൽ പാക്കേജിങ് വരെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതും സ്ത്രീകളാണ്. ഷാർജ, കണ്ണൂർ എന്നിവിടങ്ങളിൽ 50000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന ഫാക്ടറികളിലാണ് നിലവിൽ ആഭരണങ്ങളുടെ നിർമാണവും ഡിസൈനിംഗും നടത്തുന്നത്. ഫാക്ടറികൾ ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിപ്പിക്കുന്ന ചുരുക്കം കമ്പനികളിൽ ഒന്നാണ് വിൻസ്‌മേരയുടേത്. കമ്പനിയുടെ ഇത്തരം പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്ക് ആഗോള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ മൊറാഴ പ്രദേശത്തെ സഹോദരങ്ങളായ ദിനേഷ് കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണൻ കാമ്പ്രത്ത് എന്നിവർ 30 വർഷമായി സ്വർണാഭരണ വിപണന രംഗത്ത് പ്രവർത്തിക്കുന്നവരാണ്. ഇന്ത്യയ്ക്ക് പുറമെ ഗൾഫ് രാജ്യങ്ങൾ, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകൾക്കായി ആഭരണങ്ങളുടെ ഡിസൈനിംഗ്, നിർമാണം, ഹോൾസെയിൽ എക്സ്പോർട്ട് എന്നിവ നിർവഹിക്കുന്നതും ഇവരുടെ സ്ഥാപനങ്ങളാണ്. ആഗോളതലത്തിൽ ആഭരണങ്ങളുടെ കയറ്റുമതിയും നടത്തുന്നുണ്ട്. ദുബായ്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലാണ് കമ്പനിയുടെ ഹോൾസെയിൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളിൽനിന്നും സ്വർണം നേരിട്ട് വാങ്ങുകയും ആവിശ്യാനുസരണം ഡിസൈനിംഗ്, നിർമാണം, ഹോൾസെയിൽ എക്സ്പോർട്ട് നടത്തുകയും ചെയ്യുന്ന വിൻസ്‌മേര ഗ്രൂപ്പ്, 2030ഓടെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ലക്ഷ്യമിടുന്നു. കേരളത്തിൽ വിൻസ്‌മേരയുടെ ആദ്യ ഷോറൂം കോഴിക്കോട് ഏപ്രിൽ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. 10000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഷോറൂം ഒരുങ്ങുന്നത്. തുടർന്ന്, കൊച്ചി എംജി റോഡിലും ഷോറൂം തുറക്കും. നടൻ മോഹൻലാലാണ് വിൻസ്‌മേരയുടെ ബ്രാൻഡ് അംബാസിഡറായി എത്തുന്നത്.
content highlight: ‘vinsmera’ is coming to conquer the global gold jewelry market