Kerala

ഒറ്റ ദിവസം പതിനൊന്നു പുതിയ ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക് – federal bank opens 11 new branches in one day

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്

മലബാർ മേഖലയിലെ മൂന്നു ജില്ലകളിലായി ഫെഡറൽ ബാങ്ക് പതിനൊന്നു പുതിയ ശാഖകൾ തുറന്നു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പുഴക്കാട്ടിരി, കുന്നുംപുറം, തെയ്യാല, ചട്ടിപറമ്പ, വെളിയങ്കോട്, പട്ടിക്കാട്, പൂക്കോട്ടൂർ, കുമ്പിടി, കോട്ടോപ്പാടം, കമ്പളക്കാട്, വെള്ളമുണ്ട എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ തുറന്നത്. ബാങ്കിന്റെ കോഴിക്കോട് സോണൽ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ശാഖകളുടെ ഔദ്യോഗിക ഉദ്‌ഘാടനം ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ നിർവ്വഹിച്ചു. തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ ഇക്ബാൽ മനോജ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം എന്നിവർ സംസാരിച്ചു. നൂതന സാമ്പത്തിക സേവനങ്ങളും വ്യക്തിഗത ഉത്പന്നങ്ങളും ഏവർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ശാഖകളുടെ വിപുലീകരണം. ഇതോടെ ഫെഡറൽ ബാങ്കിന് കേരളത്തിൽ മാത്രം 623 ശാഖകളായി. രാജ്യത്തുടനീളമുള്ള ശാഖകളുടെ എണ്ണം 1584 ആയിട്ടുണ്ട്.

മലബാർ മേഖലയിലെ മൂന്നു ജില്ലകളിലായി ഫെഡറൽ ബാങ്ക് പതിനൊന്നു പുതിയ ശാഖകൾ ഒരേ ദിവസം തുറന്നതുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ ഇക്ബാൽ മനോജ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ബിന്ദു എം എന്നിവർ സംസാരിച്ചു.

“ഫെഡറൽ ബാങ്കിനെ സംബന്ധിച്ചിടത്തോളം കേരളം ഞങ്ങളുടെ വീട് തന്നെയാണ്. 90 വർഷത്തിനു മേലായി ബാങ്കിന് കേരളത്തിലുള്ള സേവന പാരമ്പര്യത്തിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒറ്റ ദിവസം നടത്തിയ 11 ശാഖകളുടെ ഉദ്ഘാടനം അതിലേക്കുള്ള മറ്റൊരു ചുവടുവയ്പാണ്.” ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. പുതിയ ബ്രാഞ്ചുകൾ തുറക്കുക വഴി ഡിജിറ്റല്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാനുഷിക പരിഗണനകള്‍ക്കും മുന്‍ഗണന നല്‍കുക എന്ന തങ്ങളുടെ മന്ത്രത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ശാലിനി വാര്യർ കൂട്ടിച്ചേർത്തു.

ഫെഡറൽ ബാങ്കിനെ സംബന്ധിച്ച് കേരളം വളരെ വിലപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ ബാങ്കിങ് മേഖലയിൽ ഫെഡറൽ ബാങ്കിനുള്ള സ്വാധീനം കൂടുതൽ ആഴത്തിൽ ഉറപ്പിക്കാൻ സഹായിക്കുന്നതാണ് ശാഖാ വിപുലീകരണമെന്ന് ബാങ്കിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ ഇക്‌ബാൽ മനോജ് പറഞ്ഞു. കൂടുതൽ ഇടപാടുകാരെ കൂടെ കൂട്ടുകയും നിലവിലുള്ള ഇടപാടുകാർക്ക് കൃതജ്ഞതയോടെ മികച്ച ബാങ്കിങ് സേവനം ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ട് ബിസിനസ് സാധ്യതകൾ വിപുലീകരിക്കുന്നതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

STORY HIGHLIGHT: federal bank opens 11 new branches in one day