ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) റിപ്പോര്‍ട്ട്. സിഎസ്ഇ പുറത്തിറക്കിയ ഇന്ത്യയുടെ പാരിസ്ഥിതിക തല്‍സ്ഥിതി 2025 റിപ്പോര്‍ട്ടിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഈ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്നും ലോകോത്തര നിലവാരം പുലര്‍ത്തുന്നുവെന്നുമുള്ള വിലയിരുത്തല്‍. കേരളം എ.എം.ആര്‍. പ്രതിരോധത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത് അഭിമാനകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
രോഗാണുക്കള്‍ ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കുന്ന ആഗോള ഭീഷണി മുന്നില്‍ കണ്ട് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍.) രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും രാജ്യമെമ്പാടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നും റിപ്പോര്‍ട്ട് പുറത്തിറക്കിയ സിഎസ്ഇ മേധാവി സുനിതാ നാരായണ്‍ അഭിപ്രായപ്പെട്ടിരുന്നു. ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകാത്ത അണുബാധകള്‍ കാരണം ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളാണ് വര്‍ഷംതോറും മരണമടഞ്ഞുകൊണ്ടിരിക്കുന്നത്. ഈ ഭീഷണി ഇനിയുള്ള വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു വരും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
എഎംആറിനെ പ്രതിരോധിക്കാന്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്നത്. നമ്മുടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ അണുബാധകളുമായി എത്തിച്ചേരുന്നവരില്‍ എത്ര തോതില്‍ ആന്റിബയോട്ടിക് അതിജീവന ഭീഷണിയുണ്ട് എന്ന് നാം തുടര്‍ച്ചയായി വിലയിരുത്തിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ആന്റിബയോട്ടിക് സ്റ്റുവര്‍ഡ്ഷിപ്പ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആന്റി മൈക്രോബിയല്‍ അതിജീവനം ഉയര്‍ത്താന്‍ സാധ്യതയുള്ള ആന്റിബയോട്ടിക്കുകള്‍ (റിസര്‍വ്) അങ്ങനെ അല്ലാത്ത ആന്റിബയോട്ടിക്കുകള്‍ (ആക്‌സസ്, വാച്ച്) പരാജയപ്പെടുന്ന ഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യവും നാം ആശുപത്രികളില്‍ ഉറപ്പാക്കുന്നുണ്ട്. അതോടൊപ്പം ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും ഏതാണ്ട് പൂര്‍ണമായി നടപ്പാക്കാന്‍ നമുക്ക് കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായി എന്നുമാത്രമല്ല ഉപയോഗിക്കപ്പെടുന്നത് തന്നെ താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കാരണം രോഗാണുക്കള്‍ മരുന്നിന് മേലെ ആര്‍ജിക്കുന്ന പ്രതിരോധത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിന് ജനകീയ ബോധവത്ക്കരണത്തിനും കേരളം തുടക്കമിട്ടു. സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തുന്നത്. ഇതിലൂടെ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ എഎംആര്‍ നിരീക്ഷണ ശൃംഖലയായ കാര്‍സ്‌നെറ്റ് (കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ആണ് സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും വലിയ എഎംആര്‍ നെറ്റുവര്‍ക്ക്. 59 ത്രിതീയ ആശുപത്രികളില്‍ നിന്നും 100ലധികം സ്‌പോക്ക് ആശുപത്രിയില്‍ നിന്നും എഎംആര്‍ സംബന്ധിച്ച വിവരങ്ങള്‍ കാര്‍സ്‌നെറ്റിലൂടെ നമ്മള്‍ ക്രോഡീകരിക്കുന്നുണ്ട്. ദ്വിതീയ തലത്തിലേയും പ്രാഥമിക തലത്തിലേയും എഎംആര്‍ സര്‍വൈലന്‍സ് നടത്തുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം.