Travel

ആർത്ത് ഉല്ലസിച്ച് ഒരു യാത്ര പോകാം; ഹിൽ സ്റ്റേഷനുകളുടെ റാണിയായ ചോപ്തയിലേക്ക് ! | Let’s go on a trip; to Chopta, the queen of hill stations!

ചോപ്‌തയ്‌ക്ക്‌ സമീപമുള്ള പ്രശസ്‌തമായ ശിവക്ഷേത്രമാണ്‌ തുംഗനാഥ്‌ ക്ഷേത്രം

ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനാണ്‌ ചോപ്‌ത. സമുദ്രനിരപ്പില്‍ നിന്ന്‌ 2680 മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്ന ചോപ്‌ത മിനി സ്വിറ്റ്‌സര്‍ലാന്‍ഡ്‌ എന്നാണ് അറിയപ്പെടുന്നത്. മനംമയക്കുന്ന പ്രകൃതി സൗന്ദര്യവും പച്ചപ്പണിഞ്ഞു നില്‍ക്കുന്ന പുല്‍മേടുകളുമാണ്‌ ചോപ്‌തയ്‌ക്ക്‌ ഈ വിശേഷണം സമ്മാനിക്കുന്നത്. ബുഗായല്‍ എന്നാണ്‌ ഈ പുല്‍മേടുകള്‍ അറിയപ്പെടുന്നത്‌. ഇവിടെ നിന്നാല്‍ ചൗഖമ്പ, ത്രിശൂല്‍, നന്ദാദേവി തുടങ്ങിയ പര്‍വ്വതനിരകളുടെ മനോഹാരിതയും ആസ്വദിക്കാനാകുന്നതാണ്.
ചോപ്‌തയ്‌ക്ക്‌ സമീപമുള്ള പ്രശസ്‌തമായ ശിവക്ഷേത്രമാണ്‌ തുംഗനാഥ്‌ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന്‌ 3680 മീറ്റര്‍ ഉയരമുള്ള തുംഗനാഥ്‌ പര്‍വ്വതനിരയിലാണ്‌ പുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

ലോകത്ത്‌ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്‌. രാവണന്‍ തന്റെ പാപങ്ങള്‍ക്ക്‌ പശ്ചാത്താപം ചെയ്‌ത അതേ സ്ഥലത്താണ്‌ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ എന്നാണ്‌ വിശ്വാസം. ചോപ്‌തയില്‍ നിന്ന്‌ 3.5 കിലോമീറ്റര്‍ മല കയറിയാണ്‌ ക്ഷേത്രത്തില്‍ എത്തേണ്ടത്‌. മന്ദാകിനി നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ തീര്‍ത്ഥാടന കേന്ദ്രമാണ്‌ കേദാര്‍നാഥ്‌ മന്ദിര്‍. ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കേദാര്‍നാഥ്‌ മന്ദിര്‍ പഞ്ചകേദാരങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്ന ശിവലിംഗം പന്ത്രണ്ട്‌ ജ്യോതിലിംഗങ്ങളില്‍ ഒന്നാണ്‌. ഇതിന്‌ പുറമെ ക്ഷേത്രത്തില്‍ ഇരുന്നൂറോളം ശിവ വിഗ്രഹങ്ങളും കാണാം. മധ്യമഹേശ്വര്‍ ക്ഷേത്രം, കല്‍പ്പേശ്വര്‍ മന്ദിര്‍, കഞ്ചൂല കോരക്‌ കസ്‌തൂരിമാന്‍ സംരക്ഷണ കേന്ദ്രം എന്നിവയാണ്‌ ചോപ്‌തയിലെ മറ്റു പ്രധാന കാഴ്‌ചകള്‍.

ചോപ്‌തയിലെ സസ്യ-ജന്തുജാലങ്ങളെ അടുത്തു കാണുന്നതിനായി നല്ലൊരു ശതമാനം സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. ഇതിന്‌ പുറമെ പഞ്ചകേദാറിലേക്ക്‌ ട്രെക്കിംഗിന്‌ പോകുന്നവര്‍ക്കുള്ള ബെയ്‌സ്‌ ക്യാമ്പായും ചോപ്‌ത നിലകൊള്ളുന്നുണ്ട്. വിമാനമാര്‍ഗ്ഗമോ റെയില്‍ മാര്‍ഗ്ഗമോ രോഡ്‌ മാര്‍ഗ്ഗമോ ചോപ്‌തയില്‍ എത്തിച്ചേരാം. ഡെറാഡമ്മിലെ ജോളി ഗ്രാന്റ്‌ എയര്‍പോര്‍ട്ടാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചോപ്‌തയില്‍ നിന്ന്‌ 226 കിലോമീറ്റര്‍ അകലെയാണ്‌ വിമാനത്താവളം. ഈ വിമാനത്താവളത്തില്‍ നിന്ന്‌ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ പതിവായി വിമാന സര്‍വ്വീസുകളുണ്ട്‌. ചോപ്‌തയ്‌ക്ക്‌ സമീപത്തുള്ള റെയില്‍വെ സ്റ്റേഷന്‍ ഋഷികേശാണ്‌. ഹരിദ്വാര്‍, ഡെറാഡം, ഋഷികേശ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ചോപ്‌തയിലേക്ക്‌ ബസുകള്‍ ലഭിക്കുന്നതാണ്. വേനല്‍ക്കാലവും മഴക്കാലവുമാണ്‌ ചോപ്‌ത സന്ദര്‍ശിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ സമയം.

STORY HIGHLIGHTS : lets-go-on-a-trip-to-chopta-the-queen-of-hill-stations