ആരെയും ആകർഷിക്കുന്ന സുന്ദരിയായ കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ നമ്മള്‍ പ്രണയിച്ചുപോകും. ചെല്ലുന്നവരെയെല്ലാം ആരാധകരാക്കാന്‍ കഴിയുന്ന വല്ലാത്തൊരു വശ്യതയുണ്ട് പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത് പരന്ന് കിടക്കുന്ന കൂര്‍ഗിന്. കര്‍ണാടകത്തിലെ തെക്ക് – പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് കൂര്‍ഗ് ജില്ലയുടെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ സ്ഥലം. ഇന്ത്യയുടെ സ്‌കോട്ട്‌ലാന്റ് എന്നും കര്‍ണാടകത്തിന്റെ കശ്മീര്‍ എന്നും തുടങ്ങി ഒട്ടേറെ ഓമനപ്പേരുകളുണ്ട് കൂര്‍ഗിന്. നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ. കേരളത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നുള്ളവരുടെയും കര്‍ണാടത്തില്‍ നിന്നുള്ളവരുടെയും സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.
കൂര്‍ഗ് എന്ന മൂന്നക്ഷരത്തില്‍ ഒളിച്ചിരിക്കുന്ന സൗന്ദര്യം അത്രയ്ക്കുണ്ടെന്ന് സമ്മതിക്കാതെ വയ്യ. മഞ്ഞുകാലത്താണ് കൂര്‍ഗ് അതിസുന്ദരിയാകുന്നത്, മഴക്കാലത്താകട്ടെ തീര്‍ത്തും വ്യത്യസ്തയുള്ള മറ്റൊരു വശ്യരൂപം, വേനലിലാണെങ്കില്‍ ആരെയും ചൂടേല്‍ക്കാതെ നനുത്ത തണുപ്പില്‍ പൊതിഞ്ഞുകൊണ്ട് നടക്കും പശ്ചിമഘട്ടത്തിലെ ഈ പച്ചനിറമുള്ള സുന്ദരി. താമസത്തെക്കുറിച്ചോ ഭക്ഷണത്തെക്കുറിച്ചോ ഒന്നും കൂര്‍ഗ് യാത്രക്കിടെ ആശങ്കപ്പെടേണ്ടതില്ല, ഒട്ടേറെ ഹോം സ്‌റ്റേകളും റിസോര്‍ട്ടുകളുമുണ്ടിവിടെ. ഭക്ഷണം കൂര്‍ഗ് സ്‌റ്റൈലിലോ, കേരള സ്‌റ്റൈലിലോ ടിബറ്റന്‍ രീതിയിലോ ഒക്കെയാകാം. കേരളസ്‌റ്റൈല്‍ റസ്‌റ്റോറന്റുകള്‍ ഏറെയുണ്ടിവിടെ. ഒരു ഓട്ടപ്രദക്ഷിണം നടത്തി എല്ലാമൊന്ന് കണ്ട് തിരിച്ചുപോകാമെന്ന് കരുതി കൂര്‍ഗിലേയ്ക്ക് വരരുത്. തിരക്കുകളെല്ലാം മാറ്റിവച്ച്, കുറച്ചുദിവസങ്ങള്‍ കയ്യില്‍ കരുതണം, എങ്കിലേ കൂര്‍ഗ് കണ്ട് കൊതിതീരൂ, കൊതിതീരുകയെന്നവാക്ക് കൂര്‍ഗിനെസംബന്ധിച്ച് പറയാന്‍ പാടില്ലാത്തതാണ്, കാരണം കൂര്‍ഗ് എത്രതവണ കണ്ടാലും എത്ര താമസിച്ചാലും മതിവരാത്ത സ്ഥലമാണ്. ഒറ്റയാത്രകൊണ്ടുതന്നെ അത് മനസ്സിലാകും.
കുടക് എന്നാണ് കൂര്‍ഗിന്റെ യഥാര്‍ത്ഥ നാമം. കുടക് എന്ന സ്ഥലനാമത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പലതരത്തിലുള്ള വാദഗതികള്‍ നിലവിലുണ്ട്. ആദിവാസി വിഭാഗമായ കൊടവരുടെ ദേശം എന്നര്‍ത്ഥമുള്ള ക്രോധദേശ എന്നതില്‍ നിന്നാണ് കുടക് എന്ന പേര് വന്നതെന്നതാണ് ഇതിലൊരു വാദം. അതല്ല കൊടുക്കുക എന്നര്‍ത്ഥം വരുന്ന കൊട, അമ്മ എന്നര്‍ത്ഥം വരുന്ന അവ്വ എന്നീ വാക്കുകള്‍ ചേര്‍ന്നുള്ള കൊടവ്വ എന്ന പേരില്‍ നിന്നാണ് കുടക് എന്ന പേര് വന്നതെന്നും ചിലര്‍ പറയുന്നു. കൊടവ്വ എന്ന പേര് അമ്മദൈവമായ കാവേരിയെ സൂചിപ്പിക്കുന്നതാണെന്നാണ് പറയുന്നത്. എന്തായായും കുടകിനെ ബ്രിട്ടീഷുകാര്‍ കൂര്‍ഗ് എന്ന് വിളിയ്ക്കുകയും പിന്നീട് ആ പേര് തുടര്‍ന്നും ഉപയോഗിക്കുകയുമായിരുന്നു.
എ ഡി എട്ടാം നൂറ്റാണ്ടില്‍ ഗംഗ സാമ്രാജ്യത്തിന് കീഴിലുള്ളകാലം മുതലുള്ള കൂര്‍ഗിന്റെ ചരിത്രം എഴുതപ്പെട്ടിട്ടുണ്ട്. ഗംഗന്മാര്‍ക്ക് പിന്നാലെ പാണ്ഡ്യരും ചോളരും കദംബരും ചാലൂക്യരും ചന്‍ഗല്‍വരുമെല്ലാം കൂര്‍ഗ് ഭരിച്ചിരുന്നു. എഡി 1174ല്‍ ഹൊയ്‌സാല രാജാക്കന്മാര്‍ കൂര്‍ഗ് പിടിച്ചടക്കി. പിന്നീട് പതിനാലാം നൂറ്റാണ്ടില്‍ വിജയനഗര രാജാക്കന്മാരും കൂര്‍ഗിനെ സ്വന്തം സാമ്രാജ്യത്തിന്റെ ഭാഗമാക്കി. നായക എന്ന് വിളിക്കുന്ന നാട്ടുരാജാക്കന്മാരാണ് വിവിധ സാമ്രാജ്യങ്ങള്‍ക്കുവേണ്ടി ഇവിടം ഭരിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ ഹലേരി രാജവംശം എന്നറിയപ്പെടുന്ന ലിംഗായത്ത് രാജവംശം കൂര്‍ഗിനെ പിടിച്ചടക്കുകയും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടംവരെ ഭരിക്കുകയും ചെയ്തു.
പിന്നീട് ബ്രിട്ടീഷുകാരുടെ കടന്നുകയറ്റത്തോടെ കൂര്‍ഗിന്റെ തലവിധി വീണ്ടും മാറി. ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിച്ചിരുന്ന സ്ഥലമായിരുന്നു ഇത്, സ്വാന്ത്ര്യലബ്ധിവരെ ഇതേ അവസ്ഥ തുടര്‍ന്നു. പിന്നീട് 1950ല്‍ ഇത് സ്വതന്ത്ര സ്‌റ്റേറ്റ് ആയി മാറി. 1956ല്‍, കൂര്‍ഗ് സ്‌റ്റേറ്റ് കര്‍ണാടക സംസ്ഥാനത്തില്‍ ലയിച്ചു. ഇപ്പോള്‍ കര്‍ണാടകത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് കൂര്‍ഗ്. മടിക്കേരി, സോമവാരപ്പേട്ട്, വീരാജ്‌പേട്ട്, മടിക്കേരി എന്നീ താലൂക്കുകളുള്‍പ്പെടുന്ന പ്രദേശമാണ് കൂര്‍ഗ്. കാലാവസ്ഥയും പ്രകൃതിയുമാണ് കൂര്‍ഗിലെ താരങ്ങള്‍. ഇതിനൊപ്പം എല്ലായിത്തും കാണാന്‍ കഴിയാത്ത കാപ്പി, തേയിലത്തോട്ടങ്ങളും, വനങ്ങളും ഒപ്പം പഴയ ക്ഷേത്രങ്ങള്‍, ചരിത്രസ്മൃതികളുറങ്ങുന്ന സ്മാരകങ്ങള്‍ എന്നിവയുമെല്ലാം ചേര്‍ന്ന് കൂര്‍ഗിനെ ഒരു ടോട്ടല്‍ ടൂറിസ്റ്റ് സ്‌പോട്ട് ആക്കി മാറ്റുകയാണ്. മനോഹരങ്ങളായ അബ്ബി, ഇരുപ്പു, മല്ലള്ളി വെള്ളച്ചാട്ടങ്ങള്‍, മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, നല്‍ക്‌നാട് കൊട്ടാരം, രാജാവിന്റെ ശവകുടീരം എന്നിവയെല്ലാം ചുറ്റിയടിച്ച് കാണാം.
STORY HIGHLIGHTS : A traveler’s paradise; the wonder of Coorg, the Scotland of India