കാലം കരുതി വച്ച സുന്ദര കാവ്യം പോലെ സഞ്ചാരികളെ വിസ്മയിപ്പിക്കുകയാണ് ഡല്‍ഹൌസി. ഹിമാചല്‍ പ്രദേശിലെ ദൗലാധര്‍ നിരകളിലെ വിനോദ സഞ്ചാര കേന്ദ്രമാണ് ഡല്‍ഹൌസി . 1854 ല്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായ ഡല്‍ഹൌസി പ്രഭു തന്റെ വേനല്‍ക്കാല സുഖവാസ കേന്ദ്രമെന്ന നിലയിലാണ് 13 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം ഒരുക്കിയെടുത്തത്. കത്ലോഗ്, പോര്‍ത്രിയന്‍, തെഹ്ര, ബക്രോട, ബലുന്‍ എന്നീ കുന്നുകളെ കേന്ദ്രീകരിച്ചു നിര്‍മ്മിച്ചതാണീ പ്രദേശം. ചമ്പല്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടമായി ഡല്‍ഹൌസി അറിയപ്പെടുന്നു. ചമ്പ ജില്ലയിലെ താമസക്കാരുടെ അസുഖങ്ങള്‍ ചികിത്സിക്കാനായി ഇവിടെയൊരു ആശുപത്രി പണികഴിപ്പിക്കാന്‍ ബ്രിട്ടീഷ് ജനറലായിരുന്ന നേപ്പിയര്‍ മുന്‍കയ്യെടുത്തിട്ടുണ്ട്.
സന്ദര്‍ശകരെ വിസ്മയം കൊള്ളിക്കുന്ന കാഴ്ച്ചകളുടെ ഒരു വമ്പന്‍ നിര തന്നെ ഇവിടെയുണ്ട്. ഇവിടെയുള്ള ബ്രിട്ടീഷ് ഭരണ കാലത്തെ ചര്‍ച്ചുകള്‍ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു. ബലൂനിലെ സെന്‍റ് പാട്രിക്സ് ചര്‍ച്ച്, സെന്‍റ് ആണ്ട്രൂസ് ചര്‍ച്ച്,സുഭാഷ് ചൗക്കിലെ സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച്, ഗാന്ധി ചൗക്കിലെ സെന്‍റ് ജോണ്‍സ് ചര്‍ച്ച് എന്നിവയാണ് പ്രധാന ചര്‍ച്ചുകള്‍. ജന്ദ്രി ഘട്ടിലെ കൊട്ടാരം ചമ്പ ദേശത്തെ വാസ്തു വിദ്യയുടെ പ്രതീകമായി നിലകൊള്ളുന്നു. അജിത് സിംഗ്,സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ടു പ്രചാരം സൃഷ്‌ടിച്ച പ്രദേശങ്ങളാണ് പഞ്ച് പുല,സുഭാഷ് ബയോലി എന്നിവ. സഞ്ചാരികളില്‍ ആവേശം നിറയ്ക്കുന്ന ഒട്ടേറെ സാഹസിക വിനോദങ്ങള്‍ ഇവിടെയുണ്ട്.
ഖജ്ജയര്‍,ദയിന്‍ കുണ്ട്,ട്രൈയുണ്ട്,ധര്‍മ്മ ശാല,ചമ്പ,പലംപൂര്‍,ബൈജ് നാഥ്,ബിര്‍,ബില്ലിംഗ് തുടങ്ങിയവ യാത്രികരുടെ ലിസ്റ്റില്‍ പെടുന്ന പ്രധാന കേന്ദ്രങ്ങളാണ്. ചോബിയ പാസ്,ഗാന്ധി ചൗക്ക്, ഭര്‍മൌര്‍,ചമ്പ,ഗരം സടക്,അലഹ് വാട്ടര്‍ ടാങ്ക്,ഗഞ്ചി പഹാരി,ബജ്രെശ്വരി ദേവി ക്ഷേത്രം തുടങ്ങി ഒട്ടനവധി പ്രദേശങ്ങള്‍ ഇവിടെ കാണാം. ചരിത്രരേഖകളുള്‍പ്പെടെ അപൂര്‍വ്വങ്ങളായ ഒട്ടേറെ വസ്തുക്കളുടെ കലവറയാണ് ഇവിടെയുള്ള ഭുരി സിംഗ് മ്യൂസിയം. ഭുരി രാജാവ് സംഭാവന നല്‍കിയ പെയിന്റിംഗ്സ് ആണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം. 1908 ലാണ് ഈ മ്യൂസിയം നിര്‍മ്മിച്ചത്. ചമ്പ പ്രദേശത്തെ ചരിത്ര രേഖകള്‍ പ്രതിപാദിക്കുന്ന സര്‍ദ ലിപികളിലുള്ള ശിലാ ലേഖകള്‍ ഇവിടുത്തെ അമൂല്യമായ ശേഖരങ്ങളില്‍ പ്പെടുന്നു.
രാജാ ഉമേദ് സിംഗ് പണികഴിപ്പിച്ച രംഗ് മഹല്‍ മുഗള്‍,ബ്രിട്ടീഷ് വാസ്തു വിദ്യയുടെ മാസ്മരികത പ്രതിഫലിപ്പിക്കുന്നതാണ്. ഭഗവാന്‍ കൃഷ്ണന്റെ ജീവിതം പ്രതിപാദിക്കുന്ന പഞ്ജാബി ചുവര്‍ ചിത്രങ്ങള്‍ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ഈ മ്യൂസിയത്തിന്റെ ചുറ്റളവിലായി തന്നെ ഹിമാചല്‍ എമ്പോറിയം സ്ഥിതി ചെയ്യുന്നുണ്ട്. കൈത്തറിയില്‍ നിര്‍മ്മിതമായ തൂവാലകള്‍,രുമാലുകള്‍, ഷാളുകള്‍ കൂടാതെ ചപ്പലുകള്‍ തുടങ്ങി ഈ ദേശത്തെ കലാവിരുത് പ്രകടമാകുന്ന ഒട്ടേറെ വസ്തുക്കള്‍ ഇവിടെ നിന്നും വാങ്ങാം. വര്‍ഷത്തിലുടനീളം പ്രസന്നമായ കാലാവസ്ഥയാണിവിടെ. 15.5 ഡിഗ്രിക്കും 25.5 ഡിഗ്രിക്കുമിടയില്‍ താപനിലയോട് കൂടി മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഡല്‍ഹൌസിയിലെ വേനല്‍ക്കാലം.
സുഖകരമായ കാലാവസ്ഥയും മനോഹരമായ കാഴ്ച്ചകളും നിറം ചാര്‍ത്തുന്ന വേനല്‍ക്കാലത്താണ് സഞ്ചാരികളേറെയും എവിടെ എത്താറുള്ളത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഇവിടുത്തെ മലയോര കാഴ്ചകള്‍ കൂടുതല്‍ സുന്ദരവും തിളക്കമാര്‍ന്നതുമാകുന്നത് ആ സമയത്താണ്. 10 ഡിഗ്രിക്കും 1 ഡിഗ്രിക്കുമിടയില്‍ തണുപ്പ് പകര്‍ന്നു കൊണ്ട് ശീതകാലമെത്തുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2700 മീറ്റര്‍ ഉയരെ നില്‍ക്കുന്നതിനാല്‍ തന്നെ ശീതകാലത്ത് മഞ്ഞു വീഴ്ച ഇവിടെ സാധാരണമാണ്. ഡല്‍ഹിയില്‍ നിന്നും ഏകദേശം 563 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. ഡല്‍ഹൌസിക്ക് 191 കിലോമീറ്റര്‍ അകലെ അമൃതസറും,43 കി. മീ. അകലെ ചമ്പയും,315 കി. മീ. അകലെയായി ചണ്ടി ഗഡും സ്ഥിതി ചെയ്യുന്നു.
STORY HIGHLIGHTS : Dalhousie amazes tourists