ജോലി തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് അല്‍പം ശുദ്ധവായു ശ്വസിയ്ക്കാനും അല്ലലും അലട്ടലുമില്ലാതെ സ്വസ്ഥമായി കുറച്ചുസമയം ചെലവിടാനുമായി ചെറിയ ദൂരങ്ങളിലുള്ള സ്ഥലങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നവര്‍ ഏറെയാണ്. അത്തരത്തിലുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു കിടിലൻ സ്ഥലമാണ് ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ കിടക്കുന്ന ദേവരായനദുര്‍ഗ. സ്വന്തമായി ഡ്രൈവ് ചെയ്ത് പോവുകയാണെങ്കില്‍ തുംകൂര്‍ റോഡില്‍ നിന്നും ദേവരായന ദുര്‍ഗയിലേയ്ക്ക് തിരിഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ കര്‍ണാടകത്തിന്റെ ഗ്രാമക്കാഴ്ചകളാണ്. ചില പ്രത്യേകാവസരങ്ങളിലാണെങ്കില്‍ കുതികരളെയും കാളകളെയും വില്‍ക്കാനും പ്രദര്‍ശിപ്പിക്കാനും വച്ചിരിക്കുന്ന ചന്തകളും മറ്റും കാണാം. പച്ചക്കറിത്തോട്ടങ്ങളിലൂടെയും മാവിന്‍ തോട്ടങ്ങളിലൂടെയുമാണ് യാത്ര. മാമ്പഴക്കാലമാണെങ്കില്‍ റോഡരികിയില്‍ മാമ്പഴവും ചക്കയുമെല്ലാം കൂട്ടിയിട്ട് വില്‍ക്കുന്നവരെ കാണാം.
കര്‍ണാടകത്തിലെ തുംകൂര്‍ താലൂക്കിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും 3940 അടി ഉയരത്തില്‍ കിടക്കുന്ന ഈ മലയോരം മനോഹരമായ കാഴ്ചയാണ്. ക്ഷേത്രങ്ങളും കാടും വിദൂരതയിലേയ്ക്കുള്ള കാഴ്ചകളുമെല്ലാമുള്ള ദേവരായനദുര്‍ഗ തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് സമ്മാനിയ്ക്കുക. മലകയറ്റവും പാറകയറ്റവും ഇഷ്ടമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണിത്. വോഡയാര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ സ്ഥലം. നാട്ടുരാജാവില്‍ നിന്നും ദേവരായനദുര്‍ഗ പിടിച്ചടക്കിയ ചിക്ക ദേവരാജ വോഡയാരുടെ പേരില്‍ നിന്നാണ്രേത ഈ സ്ഥലനാമത്തിന്റെ ഉത്ഭവം. ഡിഡി ഹില്‍സ് എന്നും ഇതിനൊരു വിളിപ്പേരുണ്ട്. ഭോഗനരസിംഹക്ഷേത്രം, യോഗനരസിംഹക്ഷേത്രം, ലക്ഷ്മീനരസിംഹ ദേവരായനദുര്‍ഗ തുടങ്ങി മൂന്നുക്ഷേത്രങ്ങളാണ് ഇവിടെയുള്ളത് മലയുടെ പലതട്ടുകളിലായിട്ടാണ് ഈ മൂന്ന് ക്ഷേത്രങ്ങളും. ഭോഗനരസിംഗക്ഷേത്രം മലയടിവാരത്തിലാണ് യോഗനരസിംഹക്ഷേത്രമാകട്ടെ മലയുടെ ഏറ്റവും മുകളിലാണ് ഇതിനിടയിലുള്ള ഭാഗത്തായിട്ടാണ് ലക്ഷ്മി നരസിംഹക്ഷേത്രമുള്ളത്.
ക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ കാണുന്ന നമദ ചിലുമെ എന്ന അരുവിയും പരിസരവും മനോഹരമാണ്. ശ്രീരാമന്റെ അമ്പുതറച്ച സ്ഥലത്തുനിന്നാണ് ഈ അരുവി ഉത്ഭവിച്ചതെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. അരുവിയ്ക്കടുത്തുള്ള സ്ഥലത്ത് രാമന്റെ കാല്‍പ്പാദം പതിഞ്ഞിട്ടുണ്ടെന്നും വിശ്വാസികള്‍ പറയുന്നു. ഇവിടത്തെ വനത്തിനുള്ളില്‍ അപൂര്‍വ്വം ഇനത്തില്‍പ്പെട്ട ഔഷധസസ്യങ്ങളുള്ള ഒരു ഉദ്യാനം പരിപാലിക്കപ്പെടുന്നുണ്ട്. പ്രതിവര്‍ഷം നടക്കാറുള്ള കാര്‍ ഫെസ്റ്റിവല്‍, ശ്രീ നരസിംഹ ജയന്തി എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 65 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്. തുംകൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് അടുത്തുള്ളത്. തുംകൂരില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുണ്ട്. മലയുടെ മുകളറ്റം വരെ വാഹനം പോകുന്ന റോഡുണ്ട്. ഇനി താഴേനിന്നും നടന്നുകയറുകയാണെങ്കില്‍ കരിങ്കല്ലില്‍ തീര്‍ത്ത പടവുകളുമുണ്ട്. യാത്ര വൈകുന്നേരമാണെങ്കില്‍ അസ്തമയത്തിന്റെ മനോഹരമായ കാഴ്ച കാണാം, അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ ഫോട്ടോ ഷൂട്ടുമാകം. ക്ഷേത്രത്തിലെ പാറക്കെട്ടുകളില്‍ വരച്ചിരിക്കുന്ന ചുവര്‍ ചിത്രങ്ങളും ചെറു വൃക്ഷങ്ങള്‍ പാറമേല്‍ പറ്റിപ്പിടിച്ച് വളരുന്നതുമെല്ലാം കാണേണ്ടുന്ന കാഴ്ചകള്‍തന്നെയാണ്.
STORY HIGHLIGHTS : A peaceful journey to Devarayana Durga, away from the hustle and bustle