Kerala

ഷഹബാസിന്റെ കൊലപാതകം കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. മകനെ മർദിച്ച് കൊലപ്പെടുത്തിയതിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്. സംഭവത്തിൽ മുതിർന്നവർക്ക് കൂടി പങ്കുണ്ടെന്നാണ് കുടുംബം ആവർത്തിച്ച് പറയുന്നത്.

താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചു. നഞ്ചക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താൻ ആയത്. കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.