കൊല്ലം: കരുനാഗപള്ളിയിൽ ക്രിമിനല്‍കേസ് പ്രതിയെ വീട്ടിൽകയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്. ഒരു സംഘം ആളുകള്‍ വാഹനത്തിലെത്തി വീട്ടില്‍ എത്തി സന്തോഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അക്രമി സംഘം പിന്നീട് ഓച്ചിറ വവ്വാകാവിലെത്തി അനീറെന്ന യുവാവിനെ വെട്ടി. തട്ടുകടയുടെ മുന്നിലായിരുന്നു വധശ്രമം. ഗുരുതരമായി പരുക്കേറ്റ അനീറിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അനീറിന്റെ കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. കരുനാഗപ്പള്ളിയിലെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് സ്ഥലങ്ങളിലും പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ രണ്ടു മണിക്കും മൂന്നു മണിക്കുമാണ് രണ്ടു സംഭവങ്ങളും നടന്നത്.