പുട്ടിനും അപ്പത്തിനുമെല്ലാ കൂടെ കഴിക്കാൻ ഒരു നാടൻ കടല കറി ട്രൈ ചെയ്താലോ? പണ്ടത്തെ അതേ രുചിയിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒന്നര കപ്പ് കടല, വെള്ളത്തിൽ കുതിർത്തു വെച്ചത് വേവിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അര കപ്പ് തേങ്ങ ചിരകിയതു ചേർത്ത് വറുക്കാം. തേങ്ങയുടെ നിറം മാറി വരുമ്പോൾ 10 ചുവന്നുള്ളി, മൂന്നോ നാലോ വറ്റൽമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്തു വറുക്കാം. ഇവ വറുത്തെടുക്കുന്നതിനൊപ്പം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, വേവിച്ചെടുത്ത കടലയിൽ നിന്ന് കുറച്ച് എന്നിവ ചേർക്കാം. കുറച്ച് വെള്ളം ഒഴിച്ച് ഇവ അരച്ച് മാറ്റി വെയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് രണ്ടോ മൂന്നോ ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ഇടത്തരം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
സവാളയുടെ നിറം മാറി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഒരു ടേബിൾസ്പൂൺ, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ച് കറിവേപ്പില എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. ഇടത്തരം വലിപ്പമുള്ള രണ്ട് തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്തു വേവിക്കാം. മാറ്റി വെച്ചിരിക്കുന്ന അരപ്പിനൊപ്പം , വേവിച്ച കടല വെള്ളത്തോടൊപ്പം ചേർത്തിളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് അടച്ചു വെച്ച് ഇടത്തരം തീയിൽ അഞ്ച് മുതൽ പത്ത് മിനിറ്റു വരെ വേവിക്കുക. ഇളക്കിയെടുത്ത് ചൂടോടെ കഴിച്ചു നോക്കൂ.