Kerala

പ്രസംഗം നീണ്ടത് ക്രിമിനല്‍ കുറ്റമായി തോന്നിയിട്ടുണ്ടെങ്കില്‍ സഹതപിക്കുകയെ നിര്‍വാഹമുള്ളൂ; ഷംസീറിന് മറുപടിയുമായി കെ.ടി. ജലീല്‍ – kt jaleel fb post

പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ പ്രസംഗം നിർത്താതെ തുടർന്നത് സ്പീക്കര്‍ എ.എന്‍. ഷംസീറിനെ ചൊടിപ്പിച്ചിരുന്നു

തന്റെ പ്രസംഗം നീണ്ടത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ സഹതപിക്കുകയെ നിര്‍വാഹമുള്ളൂ എന്നും ലീഗ് കോട്ടയില്‍നിന്ന് നാലാം തവണയും വന്നതുകൊണ്ട് തനിക്ക് അല്‍പം ഉശിര് കൂടുമെന്നും മറുപടിയുമായി ഇടത് എംഎല്‍എ കെ.ടി. ജലീല്‍. നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ജലീലിന് നേരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം ഉശിര് കൂടും. അത് പക്ഷെ, ‘മക്കയില്‍’ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല’ ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിയമസഭയിൽ സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ പ്രസംഗം നിർത്താതെ തുടർന്നത് സ്പീക്കര്‍ എ.എന്‍. ഷംസീറിനെ ചൊടിപ്പിച്ചിരുന്നു. ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമെന്നും ജലീലിന് പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കർ പറഞ്ഞു. ലീഗ് എംഎല്‍എ ടി.വി.ഇബ്രാഹിമുമായും ജലീൽ കോർത്തിരുന്നു.

STORY HIGHLIGHT: kt jaleel fb post