ജീരകം ഇന്ത്യൻ അടുക്കളകളിലെ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ്, കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾക്കു പേരുകേട്ടതുമാണ്. ജീരകം രാത്രി മുഴുവൻ കുതിർത്ത് ആ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ജീരകം കുതിർത്ത വെള്ളം വെറും വയറ്റിൽ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.
ജീരക വെള്ളത്തിന്റെ പ്രധാന ഗുണങ്ങളിലൊന്ന് ദഹനത്തെ സഹായിക്കുന്നു എന്നതാണ്. ജീരകത്തിൽ അടങ്ങിയിരിക്കുന്ന അവശ്യ എണ്ണകൾ ഭക്ഷണം ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു. രാവിലെ ജീരക വെള്ളം ആദ്യം കുടിക്കുന്നത് വയറു വീർക്കൽ, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ജീരക വെള്ളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ജീരകം ഉപാപചയപ്രവർത്തനം വർധിപ്പിക്കുമെന്നും ശരീരത്തിന് കലോറി കൂടുതൽ ഫലപ്രദമായി കത്തിക്കാൻ സഹായിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ജീരക വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും ആസക്തി കുറയ്ക്കാനും സഹായിക്കും.
ജീരക വെള്ളത്തിന്റെ ഗുണങ്ങൾ ആരോഗ്യകരമായ ചർമ്മത്തെയും പ്രോത്സാഹിപ്പിക്കുന്നു. ജീരകത്തിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന്റെ വാർധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ കഴിയും. ജീരക വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു കുറയുന്നതിനും, കൂടുതൽ തിളക്കമുള്ള ചർമ്മത്തിനും സഹായിക്കും.
ജീരക വെള്ളത്തിന്റെ മറ്റൊരു ശ്രദ്ധേയമായ ഗുണം രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള കഴിവാണ്. ജീരകത്തിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ജീരക വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. അണുബാധകളെയും രോഗങ്ങളെയും പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കും.