മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി വീടുകൾ ഒരുങ്ങുന്നു. മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.
ഓരോ കുടുംബങ്ങൾക്കും ഏഴ് സെന്റിൽ ആയിരം ചതുരശ്രയടി വീടാണ് നിർമിച്ചുനൽകുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും.
ഭാവിവിൽ രണ്ടു നിലയാക്കാൻ കഴിയുന്ന നിലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള അടിത്തറയാണ് ഒരുക്കുക. മുകൾ നിലയിലേക്ക് പടികളുമുണ്ടാകും. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.
ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക് വരാത്ത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവീതം നൽകും.