Kerala

തൊടുപുഴ ബിജു ജോസഫ് കൊലപാതകം : തെളിവെടുപ്പിൽ നിർണായക കണ്ടെത്തൽ ; കുറ്റസമ്മതം നടത്തി രണ്ടാംപ്രതി

രണ്ടാം പ്രതി ആഷിക് ജോൺസണുമായി നടത്തിയ തെളിവെടുപ്പിലാണ് നിർണായക കണ്ടെത്തൽ

ഇടുക്കി: തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിലെ തെളിവെടുപ്പിൽ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. രണ്ടാം പ്രതി  ആഷിക് ജോൺസണുമായി നടത്തിയ തെളിവെടുപ്പിലാണ് നിർണായക കണ്ടെത്തൽ. തൊടുപുഴ ബിജു കൊലക്കേസിലെ രണ്ടാം പ്രതിയായ ആഷിക് ജോൺസന്റെ അറസ്റ്റ് അന്വേഷണം സംഘം ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. കാപ്പ കേസിൽ വിയ്യൂർ സെൻട്രൽ ജിയിലിലായിരുന്നു ആഷിക്.തൊടുപുഴ മുട്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയാണ് കസ്റ്റഡിയിൽ വാങ്ങിയത്. പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.  ബിജുവിന്റെ മൃതദേഹത്തിൽ കണ്ട മുറിവുകളെ പറ്റി അന്വേഷണസംഘത്തിന്  നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായി ചോദ്യം ചെയ്യലിൽ ബിജുവിന്റെ കയ്യിലും കാലിലും കുത്തിയതായി ആഷിക് ജോൺസൺ സമ്മതിച്ചു. തുട‍ർന്ന് കലയന്താനിയിലെ കേറ്ററിംഗ് സ്ഥാപനത്തിൻറെ ഗോഡൗണിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കത്തി കണ്ടെടുത്തു.

കത്തിയിൽ രക്തക്കറ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. കത്തി ഫോറൻസിക് പരിശോധനക്ക് അയച്ചു.  ആഷികും മുഹമ്മദ് അസ്ലമും ചേർന്ന് നടത്തിയ മർദ്ദനവും ബിജു ജോസഫിന്റെ മരണത്തിന് കാരണമായിട്ടുണ്ട്.  ഒറ്റക്കും മറ്റ് പ്രതികൾക്കൊപ്പം ഇരുത്തിയും ആഷികിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലും തെളിവെടുപ്പും നാളെയും തുടരും. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ മറ്റ് മൂന്നു പ്രതികളായ ജോമോൻ, ജോമിൻ, മുഹമ്മദ് അസ്ലം എന്നിവരെ റിമാൻഡ് ചെയ്തു.

content highlight : thodupuzha-biju-joseph-murder-case

Latest News