വിഴിഞ്ഞം: അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരു വിദ്യാര്‍ഥിയെ കാണാതായി. വെങ്ങാനൂര്‍ പനങ്ങോട് ഗോകുലത്തില്‍ സി.ഗോപകുമാറിന്റെയും ഉമാദേവിയുടെയും മകനായ ജി.യു. ജീവന്‍(24) ആണ് മരിച്ചത്. പാറ്റൂര്‍ ചര്‍ച്ച് വ്യൂ ലൈനില്‍ അശ്വതിയില്‍ സി. അളകരാജന്റെയും വെങ്കിട ലക്ഷ്മിയുടെയും മകനായ ശ്രീപാര്‍ഥസാരഥിയെ(24)യാണ് കാണാതായത്. കാഞ്ഞിരംകുളം കെ.എന്‍.എം. കോളേജ് ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സിലെ സോഷ്യോളജി വിഭാഗത്തിലെ ഒന്നാം വര്‍ഷ പി.ജി. വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
ഇവര്‍ക്കൊപ്പമെത്തിയ മറ്റൊരു സുഹൃത്ത് സിബി മാത്യുവാണ് അപകടം സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ലൈഫ് ഗാര്‍ഡുകളെ അറിയിച്ചത്. തുടര്‍ന്ന് അവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ശ്രീപാര്‍ഥസാരഥിയെ കണ്ടെത്തുന്നതിനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റുഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സമെന്റ്, അദാനി തുറമുഖ കമ്പനിയുടെ ബോട്ട് എന്നിവയുപയോഗിച്ച് രാത്രി വൈകിയും സംയുക്ത തിരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ച രാവിലെ 11.30-ഓടെയായിരുന്നു അപകടം. കോളേജിലെ എല്ലാ വിഭാഗത്തിലെയും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ പാര്‍ട്ടിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പിജി വിദ്യാര്‍ഥികള്‍ക്കും ക്ലാസുകളുണ്ടായിരുന്നില്ലെന്ന് സോഷ്യോളജി വിഭാഗം മേധാവി ജ്യോതി എസ്.നായര്‍ പറഞ്ഞു.
അവധി ആഘോഷിക്കാനാണ് വിദ്യാര്‍ഥികള്‍ അടിമലത്തുറയിലെത്തിയത്. കുളിക്കുന്നതിടയിലുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് ഇവര്‍ ഒഴുകിപ്പോകുന്നത് കണ്ട് സിബി മാത്യു നിലവിളിച്ചുകൊണ്ട് ഓടിയെത്തി സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ലൈഫ് ഗാര്‍ഡുകളോട് വിവരം പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആന്റണി, രാജു, സില്‍വയ്യന്‍, രാജു പത്രോസ്, ചിക്കു, ടൂറീസം ലൈഫ് ഗാര്‍ഡുകളായ ബെര്‍ജിന്‍, മുരുകന്‍, മത്സ്യത്തൊഴിലാളിയായ ജോണി ജോസഫ് എന്നിവരെത്തി ജീവനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
ഈ സമയത്ത് കടല്‍ത്തീരത്ത് പരിശീലനത്തിന്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്നെത്തിയ മദ്രാസ് റെജിമെന്റിലെ സൈനികരുമുണ്ടായിരുന്നു. അവരെത്തി അടിയന്തര പ്രാഥമിക ചികിത്സ നല്‍കിയശേഷം അവരുടെ ആംബുലന്‍സില്‍ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റല്‍ എസ്.എച്ച്.ഒ. വിപിന്‍.എസ്. നായര്‍, എസ്.ഐ. കെ.ജി പ്രസാദ് എന്നിവരുടെ നേത്യത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കോസ്റ്റല്‍ പോലീസ് കേസെടുത്തു. ഗോകുലാണ് മരിച്ച ജീവന്റെ സഹോദരന്‍.
content highlight : drowned dead