പ്രകൃതിരമണീയമായ പര്‍വ്വതപ്രദേശമാണ് ധനോല്‍ടി. ഉത്തര്‍ഖണ്ഡിലെ ഗര്‍വാര്‍ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചംബയില്‍ നിന്ന് മസ്സൂരിയിലേക്ക് പോകുന്ന പാതയിലാണ് പ്രശാന്തസുന്ദരമായ ഈ സ്ഥലമുള്ളത്. ഇവിടെ നിന്ന് 24 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മസ്സൂരി പട്ടണവുമായുള്ള ഇതിന്‍റെ സാമീപ്യമാണ് വിനോദസഞ്ചാരികള്‍ക്കിടയില്‍ ഇതിനെ പ്രിയങ്കരമാക്കുന്ന ഘടകം. ഹിമാലയത്തിന്‍റെ താഴെ ചെരുവിലെ ഡൂണ്‍ താഴ്വരയുടെ മനോഹരമായ കാഴ്ച, സമുദ്രനിരപ്പില്‍ നിന്ന് 2286 മീറ്റര്‍ ഉയരത്തിലുള്ള ധനോല്‍ടിയില്‍ നിന്ന് ഒരു അഭൌമ തലത്തില്‍ നിന്നെന്ന പോലെ നോക്കിക്കാണാവുന്നതാണ്. ഇടതൂര്‍ന്ന് നില്‍ക്കുന്ന ദേവദാരു വൃക്ഷങ്ങള്‍ക്ക് നടുവിലായി സ്ഥിതിചെയ്യുന്ന എക്കോ പാര്‍ക്കാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
സന്ദര്‍ശകര്‍ക്ക് താമസ സൌകര്യത്തിനായി ഒട്ടനവധി എക്കോ കുടീരങ്ങള്‍ മസ്സൂരിയിലെ വനം വകുപ്പ് അധികൃതര്‍ ഈ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ആലൂ കേത് എന്നറിയപ്പെടുന്ന ഇവിടത്തെ ഉരുളക്കിഴങ്ങ് പാടങ്ങള്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്. കാണാൻ കാഴ്ചകളേറെയുണ്ട് ധനോല്‍ടിയില്‍. ദശാവതാര ക്ഷേത്രം, ന്യൂ ടെഹരി ടൌണ്‍ഷിപ്, ബാരെഹി പാനി-ജൊറുസെ വെള്ളച്ചാട്ടങ്ങള്‍, ദേവഘര്‍ കോട്ട, മതാതില ഡാം എന്നീ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ സമീപപ്രദേശങ്ങളിലായി സഞ്ചാരികളെ കാത്ത് നിലകൊള്ളുന്നുണ്ട്. കൂടാതെ താങ്ധര്‍ ക്യാന്പില്‍ ട്രെക്കിംങ്, ഹൈക്കിംങ്, പര്‍വ്വതാരോഹണം, നദിമുറിച്ചുകടക്കല്‍ പോലുള്ള സാഹസിക വിനോദങ്ങള്‍ക്ക് അവസരവുമുണ്ട്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് ഈ ക്യാമ്പ് ഒരുക്കുന്നത്.
വിമാനമാര്‍ഗ്ഗവും റോഡ്, ട്രെയിനുകള്‍ മുഖേനയും അനായാസം ധനോല്‍ടിയില്‍ എത്തിച്ചേരാം. ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. ഡെറാഡൂണിലെയും റിഷികേശിലെയും റെയില്‍വേ സ്റ്റേഷനുകള്‍ ധനോല്‍ടിയിലേക്കുള്ള തീവണ്ടി യാത്രികര്‍ക്ക് സൌകര്യം പോലെ ആശ്രയിക്കാം. ഇനി ബസ്സ് യാത്രയില്‍ തല്‍പരരായ സഞ്ചാരികള്‍ക്ക് സമീപ ദേശങ്ങളായ ഡെറാഡൂണ്‍, മസ്സൂരി, ഹരിദ്വാര്‍, റിഷികേശ്, റൂര്‍ക്കി, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ നിന്ന് ധനോല്‍ടിയിലേക്ക് സുലഭമായി ബസ്സുകള്‍ ലഭിക്കും. ധനോല്‍ടിയിലേക്ക് യാത്രയ്ക്കൊരുങ്ങുന്നവര്‍ അതിനായി വേനല്‍കാലമോ ശൈത്യകാലമോ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം.
STORY HIGHLIGHTS : Dhanaulti has a beautiful mountainous landscape with many sights to see