Business

ഇന്ധനം നിറയ്ക്കാൻ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കുക | Credit card

സൈ്വപ്പ് ചെയ്ത് പണം നല്‍കുന്നതിന് പകരം യുപിഐ അല്ലെങ്കില്‍ ടച്ച്‌ലെസ് പേയ്‌മെന്റ് രീതികള്‍ പരീക്ഷിക്കാനും അദ്ദേഹം നിര്‍ദേശിച്ചു

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇന്ന് എല്ലാവരും ദൈന്യന്തിന കാര്യങ്ങൾ നടത്തുന്നത്. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നവതിനും ആളുകൾ കാർഡ് ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ ഉപയോ​ഗിക്കുന്നവർക്ക് ഇപ്പോൾ ഒരു മുന്നറിയിപ്പ് വന്നിരിക്കുകയാണ്. കാര്‍ഡ് സൈ്വപ്പ് ചെയ്ത് പണം നല്‍കുമ്പോള്‍ സ്‌കിമ്മിങ്ങിന് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ബിസിനസ് കണ്‍സള്‍ട്ടന്റുമായ സാര്‍ത്ഥക് അഹൂജ പറയുന്നു. സൈ്വപ്പ് ചെയ്ത് പണം നല്‍കുന്നതിന് പകരം യുപിഐ അല്ലെങ്കില്‍ ടച്ച്‌ലെസ് പേയ്‌മെന്റ് രീതികള്‍ പരീക്ഷിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

സ്‌കിമ്മിങ്ങിന് ഇരയായി ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട ഒരാളുടെ ദുരനുഭവം വിവരിച്ച് കൊണ്ടാണ് സാര്‍ത്ഥക അഹൂജ മുന്നറിയിപ്പ് നല്‍കിയത്. ‘കാറില്‍ ഇന്ധനം നിറയ്ക്കാന്‍ കാര്‍ഡ് സൈ്വപ്പ് ചെയ്ത് പിന്‍ നല്‍കിയെങ്കിലും ഇടപാട് നിരസിച്ചു. വീണ്ടും പിന്‍ നമ്പര്‍ നല്‍കിയെങ്കിലും കാര്‍ഡ് വീണ്ടും നിരസിക്കപ്പെട്ടു. മൂന്നാം തവണയും ശ്രമിച്ചപ്പോള്‍ പണമടയ്ക്കാന്‍ സാധിച്ചു. എന്നിരുന്നാലും, ആദ്യത്തെ രണ്ട് തവണയും ഇടപാട് നിരസിച്ച സന്ദേശം അദ്ദേഹത്തിന് ലഭിച്ചില്ല.

രണ്ടാഴ്ചകള്‍ക്ക് ശേഷം കാര്‍ഡില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പിന്‍വലിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം അറിഞ്ഞത്. അന്വേഷണത്തില്‍ പെട്രോള്‍ സ്റ്റേഷനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്തപ്പോഴാണ് പണം നഷ്ടമായതെന്ന് മനസിലായി. കാര്‍ഡ് ക്ലോണ്‍ ചെയ്ത് ആരോ തട്ടിപ്പ് നടത്തി എന്ന് മനസിലായി’- സാര്‍ത്ഥക് അഹൂജ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വിവരിച്ചു.

ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ മൂന്ന് മാര്‍ഗനിര്‍ദേശങ്ങളും സാര്‍ത്ഥക് അഹൂജ പങ്കുവെച്ചു.

1 യുപിഐ അല്ലെങ്കില്‍ ടച്ച്‌ലെസ് പേയ്‌മെന്റ് രീതികള്‍ പരീക്ഷിക്കൂക.

2 കാര്‍ഡ് സൈ്വപ്പ് ചെയ്യുന്നത് ഒഴിവാക്കുക. സംശയാസ്പദമായി തോന്നുന്ന മെഷീനില്‍ ഇടപാട് പരാജയപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്ത ഫോണില്‍ ഇടപാട് നിരസിക്കപ്പെട്ടതായി കാണിച്ച് സന്ദേശം ലഭിക്കുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക. സന്ദേശമില്ലെങ്കില്‍, പിന്‍ ഉപയോഗിച്ച് കാര്‍ഡ് ക്ലോണ്‍ ചെയ്തിരിക്കാം.

3 വിദേശത്തേക്ക് യാത്ര ചെയ്യുന്നില്ലെങ്കില്‍ കാര്‍ഡിലെ അന്താരാഷ്ട്ര പേയ്‌മെന്റുകള്‍ പ്രവര്‍ത്തനരഹിതമാക്കുക. കാരണം സ്‌കിംഡ് കാര്‍ഡുകളില്‍ നിന്നുള്ള ഈ പേയ്‌മെന്റുകളില്‍ ഭൂരിഭാഗവും വിദേശത്ത് വച്ചാണ് നടക്കുന്നത്.

content highlight: Credit card