കോടികള്‍ വാരിയെറിഞ്ഞ് എമ്പുരാന്‍റെ പ്രമോഷന്‍ തകർക്കുകയാണ്. ഒരുപക്ഷേ മറ്റൊരു മലയാള സിനിമയ്ക്കും ഉണ്ടായിട്ടില്ലാത്ത പ്രമോഷനാണ് എമ്പുരാന് വേണ്ടി നടന്നിരിക്കുന്നത്. രാജവെമ്പാല മുതല്‍ മണ്ണിര വരെയുള്ള മുഴുവന്‍ മാധ്യമ ജീവികളും എമ്പുരാന് വേണ്ടി കോലം തുള്ളി. കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലും പ്രമുഖ മാധ്യമങ്ങളിലും എമ്പുരാന്‍ തള്ളിന്‍റെ മാമാങ്കമായിരുന്നു. സിനിമ റിലീസായി മണിക്കൂറുകള്‍ക്കകം പുലി പോലെ വന്നത് എലി പോലെയായെന്ന് ഇതേ മാധ്യമങ്ങള്‍ തന്നെ ഉറഞ്ഞുതുള്ളി പറയുകയാണ്.
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായ അവസ്ഥ എമ്പുരാനിലും ഉണ്ടായി എന്നത് സത്യമാണ്. സിനിമയെക്കുറിച്ചുള്ള പ്രമോഷന്‍ വർക്ക് അല്പം അതിശയോക്തിപരമായിരുന്നു. എല്ലാവരും പിടിവിട്ട് തന്നെ എമ്പുരാനെ വാഴ്ത്തി. വലിയ പ്രതീക്ഷ നല്കിയതാണ് ചിത്രത്തിനുണ്ടായ ചെറിയ പരിമിതി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണെങ്കിലും എമ്പുരാന്‍ മലയാളം കണ്ട ഏറ്റവും മികച്ച ചിത്രം തന്നെയാണ് ഹോളിവുഡ് സിനിമകളെ ഓർമ്മിപ്പിക്കുന്ന അമ്പരപ്പിക്കുന്ന മേക്കിംഗ്.
അങ്ങനെ തിയേറ്ററില്‍ കാണേണ്ട ഗംഭീര ചിത്രമാണ് എമ്പുരാന്‍. എമ്പുരാനിലൂടെ മോഹന്‍ലാലിനെയും പ്രൃഥിരാജിനെയും വാഴ്ത്തുന്നവർ എന്തുകൊണ്ടായിരിക്കാം ഗംഭീര കഥയൊരുക്കിയ മുരളി ഗോപിയെ മറന്നുപോയത്.
എമ്പുരാന്‍ ഒരു മുരളി ഗോപി ചിത്രം എന്നുവേണം പറയാന്‍. ഇന്ത്യന്‍ വർത്തമാനകാല രാഷ്ട്രീയം ഇത്രമേല്‍ സൂക്ഷ്മതയോടെ ഒപ്പിയെടുത്ത മറ്റൊരു ചിത്രം മലയാളത്തിലില്ല. പ്രത്യേകിച്ച് സംഘപരിവാർ രാഷ്ട്രീയം. ഹിന്ദുത്വ രാഷ്ട്രീയ ഭീകരത എമ്പുരാന്‍ ആഴത്തില്‍ വരച്ചുകാട്ടുന്നുണ്ട്. മുസ്ലീങ്ങളോടും ന്യൂനപക്ഷ -ദളിത് വിഭാഗങ്ങളോടും ഹിന്ദുത്വ രാഷ്ട്രീയം പുലർത്തുന്ന നിന്ദയും അനീതിയും എത്ര വസ്തുനിഷ്ഠമായിട്ടാണ് മുരളി ഗോപി എഴുതിയിരിക്കുന്നത്. ബാബറി മസ്ജിദ് പ്രശ്നമടക്കം ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
തൊട്ടാല്‍ പൊള്ളുന്ന അതിലേറെ ഭയക്കുന്ന ഹിന്ദുത്വ ഭീകരത തന്‍റെ തിരക്കഥയില്‍ എഴുതിച്ചേർക്കാന്‍ മുരളി ഗോപി കാണിച്ച ധൈര്യം ഏറെ അഭിനന്ദനം അർഹിക്കുന്നു. ടി ദാമോധരന്‍, രഞ്ജി പണിക്കർ തുടങ്ങിയവർ രാഷ്ട്രീയ സിനിമകള്‍ ധാരാളം എഴുതിയിട്ടുണ്ട് ഹിറ്റുകളും സൂപ്പർഹിറ്റുകളും അവർ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ മുരളി ഗോപിയുടെ രാഷ്ട്രീയ നിരീക്ഷണം അസൂയാവഹമാണ്. സമർത്ഥനും മിടുക്കനുമായ ഒരു ജേർണലിസ്റ്റിന്‍റെ കയ്യൊപ്പ് എമ്പുരാന്‍റെ തിരക്കഥയില്‍ കാണാം.
ദേശീയ രാഷ്ട്രീയത്തോടൊപ്പം തന്നെ കേരളത്തിലെ മുല്ലപ്പെരിയാർ പ്രശ്നം പോലും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന മുരളി ഗോപിയുടെ തിരക്കഥയും ഈയവസരത്തില്‍ ഓർത്തുപോകുകയാണ്. കേരള രാഷ്ട്രീയം ഏറെ ചർച്ച ചെയ്യപ്പെടുന്ന ലാവ് ലിന്‍ കേസും സി പി എമ്മിലെ വിഭാഗീയതയും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ചർച്ച ചെയ്തിട്ടുണ്ട്.
ആ ചിത്രവും മുരളി ഗോപിയുടെ മാസ്റ്റർ പീസായിരുന്നു. എമ്പുരാന്‍ എന്തുകൊണ്ടും ഒരു മികച്ച ചിത്രമാകുമ്പോള്‍ തീർച്ചയായും ആ സന്തോഷത്തില്‍ മുരളി ഗോപിയെയും ഓർക്കേണ്ടതുണ്ട്. ഇത്രയേറെ രാഷ്ട്രീയ ബോധമുള്ള അതിലേറെ ആർജ്ജവമുള്ള ആ എഴുത്തുകാരനെ എത്രമാത്രം അഭിനന്ദിച്ചാലും പോര. എമ്പുരാന്‍റെ തമ്പുരാന്‍ മുരളി ഗോപി തന്നെയാണ്. അതില്‍ തർക്കമില്ല.
പി ആർ സുമേരന്‍.