ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കിയ കേസിൽ ഭർത്താവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശി രാകേശിനെ പൂനെയിൽ നിന്നാണ് പിടികൂടിയത്. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം. ദൊഡ്ഡകമ്മനഹള്ളിയിലെ ഒരു വീട്ടിൽ ഗുരുതരമായ പരിക്കുകളോടെ ഒരു സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
ബുധനാഴ്ച രാത്രിയാണ് ഭാര്യ ഗൗരിയെ രാകേശ് കറിക്കത്തി കൊണ്ട് കുത്തിക്കൊല്ലുന്നത്. രാത്രി ഭക്ഷണം കഴിക്കവെയുണ്ടായ ഒരു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് മൃതദേഹം സ്യൂട്ട് കേസിലാക്കി ശുചിമുറിയിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
പിറ്റേന്ന് വൈകീട്ട് അഞ്ച് മണിയോടെ വീട്ടുടമയെ പ്രതി തന്നെയാണ് ഫോൺവിളിച്ച് കൊലപാതക വിവരം അറിയിക്കുന്നത്. പിന്നാലെ പൊലീസ് എത്തിവീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കാറിലാണ് പ്രതി ബെംഗളൂരുവിൽ നിന്ന് മുങ്ങിയത്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പൂനെയിലുണ്ടെന്ന് വ്യക്തമായി. തുടർന്ന് പൂനെയിലെത്തിയ ബെംഗളൂരു പൊലീസ് പ്രതിയെ പിടികൂടി