ആരാധകരുടെ ആഗ്രഹം പോലെ ബോളിവുഡിന്റെ സൂപ്പർ ഹീറോ ചിത്രം ക്രിഷിന്റെ നാലാം പതിപ്പ് പുറത്തേക്ക്. ഏറെ നാളുകളായി ചിത്രത്തെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. ഹൃത്വിക് റോഷൻ തന്നെ നായകനും സംവിധാനവും നിർവഹിക്കുന്നു എന്നുള്ളതാണ് നാലാം പതിപ്പിന്റെ പ്രധാന പ്രത്യേകത. യഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ മറ്റ് അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.
ക്രിഷ് 4 നിര്‍മ്മാണത്തിന് ഇപ്പോഴത്തെ ആശയത്തിന് 700 കോടി രൂപയെങ്കിലും നിര്‍മ്മാണ ചിലവ് വേണ്ടിവരും എന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് മൂലം തന്നെ പല പ്രൊഡക്ഷന്‍ ഹൗസുകളും ചിത്രം ഏറ്റെടുക്കാന്‍ മടിക്കുന്നതായി ബോളിവുഡ് ഹംഗാമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ ക്രിഷ് 4 ആരംഭിക്കാൻ പോകുന്നത്.
ഹൃത്വിക് റോഷനും പ്രീതി സിന്‍റെയും അഭിനയിച്ച 2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷൻ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് 2006-ൽ ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയും അഭിനയിച്ച ക്രിഷ് പുറത്തിറങ്ങി. തുടർന്ന് 2013-ൽ ഹൃത്വിക്, പ്രിയങ്ക, വിവേക് ഒബ്‌റോയ്, കങ്കണ റണൗട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിഷ് 3 പുറത്തിറങ്ങി.
content highlight: Krish-4 movie update