Thiruvananthapuram

ഗവർണർ കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു: നവീകരിച്ച ലൈബ്രറി ബ്ലോക്കിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് (മാർച്ച് 28) കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. ഗവർണറായി ചുമതല എടുത്തതിന് ശേഷമുള്ള ആദ്യ സന്ദർശനമാണ് ഇത്. സ്കൂളിൽ എത്തിയ ഗവർണറെ പ്രിൻസിപ്പാൽ കേണൽ ധീരേന്ദ്രകുമാർ സ്വീകരിച്ചു. സ്കൂൾ കേഡറ്റുകൾ ഗവർണർക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയും തുടർന്ന് അദ്ദേഹം സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപിച്ചു.

കേഡറ്റുകൾ ഒരുക്കിയ എക്സിബിഷനുകളും, മറ്റ് ലാബുകളും, ലൈബ്രറിയും ഗവർണർ സന്ദർശിച്ചു. നവീകരിച്ച ലൈബ്രറി ബ്ലോക്കിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച സാംസ്കാരിക കലാ പരിപാടികൾ അദ്ദേഹം വീക്ഷിച്ചു. കേഡറ്റുകളുടെ അച്ചടക്ക രീതിയെ പ്രശംസിക്കുകയും സമൂഹത്തിനും രാഷ്ട്രത്തിനും നല്ലൊരു പൗരനെ വാർത്തെടുക്കാൻ അച്ചടക്കം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ ജീവനക്കാർക്കും ജോലിയിൽ പ്രവേശിക്കുമ്പോൾ രണ്ട് വർഷം നിർബന്ധ സൈനിക പരിശീലനം നൽകണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്കൂൾ സന്ദർശിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞു. വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥനായ എയർ കമോഡോർ സച്ചിൻ എസ്.ശൗചെ, സ്കൂൾ വൈസ് പ്രിൻസിപ്പൽ വിംഗ് കമാൻഡർ രാജ്കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കമാൻഡർ സരിൻ, വ്യോമസേനാ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, ജീവനക്കാർ, കേഡറ്റുകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

CONTENT HIGH LIGHTS; Visited Kazhakoottam Military School: Inauguration of renovated library block also held

Latest News