ഓണ വിഭവങ്ങളിലെ മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് മത്തങ്ങ എരിശ്ശേരി. വൻപയർ ചേർത്തും ചേർക്കാതെയും മത്തങ്ങ എരിശ്ശേരി ഉണ്ടാക്കാറുണ്ട്. എരിശ്ശേരി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
തേങ്ങ ചിരകിയത് – ഒന്നരകപ്പ്
ജീരകം – അര ടീസ്പൂൺ
വെള്ളം – രണ്ടര കപ്പ്
ചുവന്ന പയറ് – ഒരു കപ്പ് (അര മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
മഞ്ഞൾ പൊടി – അര ടീസ്പൂൺ
ഉപ്പ് – പാകത്തിന്
മുളകു പൊടി – ഒന്നര ടിസ്പൂൺ
മത്തങ്ങ – കാൽ കിലോ
വറുത്തിടാൻ
എണ്ണ – കാൽ കപ്പ്
കടുക് – ഒരു ടീസ്പൂൺ
വറ്റൽ മുളക് – മൂന്ന് ചെറിയ കഷ്ണങ്ങളായി മുറിച്ചത്.
കറിവേപ്പില – ഒരു തണ്ട്
തേങ്ങ ചിരകിയത്- മുക്കാൽ കപ്പ്.
തയ്യാറാക്കുന്ന വിധം
തേങ്ങയും ജീരകവും അൽപ്പം വെള്ളം ചേർത്ത് അരയ്ക്കുക. കുക്കറിൽ വെള്ളമൊഴിച്ച് പയറ്, മഞ്ഞൾപൊടി, ഉപ്പ്, മുളകുപൊടി ഇവ ചേർത്തിളക്കി ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്ന് മാറ്റി ചൂടാറാൻ വയ്ക്കുക. ശേഷം തുറന്ന് മത്തങ്ങ ചേർത്ത് ഒരു വിസിൽ വരുന്നതു വരെ വേവിക്കാം. ഇനി അരപ്പ് ചേർത്ത് യോജിപ്പിച്ചെടുക്കാം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം മുളകും കറിവേപ്പിലയും തേങ്ങയും ചേർത്തിളക്കി തേങ്ങ ചുവക്കുന്നതുവരെ വറുക്കുക. ഇത്എരിശ്ശേരിക്ക് മുകളിൽ ഒഴിച്ച് ഇളക്കി വാങ്ങാം.
content highlight:erissery-recipe