മാത്യു കുഴൽനാടന്റെ ഉണ്ടയില്ലാത്ത വെടി ഹൈക്കോടതി തള്ളിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മഴവിൽ സഖ്യത്തിന്റെ ഒരു ആരോപണം കൂടി തകർന്നു തരിപ്പണമായി. സർക്കാരിനെതിരെ ശുദ്ധശൂന്യമായ പുകമറ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമായിരുന്നു ഈ കേസ് എം വി ഗോവിന്ദൻ പറഞ്ഞു. മരിക്കുന്നതുവരെ കുഴൽനാടൻ ഈ കാര്യം പറഞ്ഞുക്കൊണ്ടേയിരിക്കും. ഹൈക്കോടതി വിധി മാധ്യമങ്ങൾക്ക് കിട്ടിയ അടികൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസപ്പടി കേസിൽ ഹൈക്കോടതി മാത്യു കുഴൽനാടന്റെ ഹര്‍ജി തള്ളിയ സംഭവത്തിലായിരുന്നു പ്രതികരണം.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റിസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്.