ലോകം ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ… ആഗ്രഹം ഉണ്ടെങ്കിലും പലപ്പോഴും പല തടസങ്ങൾ കാരണം അതിനു സാധിക്കാത്തവരും നിരവധിയുമാണ്. ലോകമെങ്ങും ഒരു നാടോടിയെപ്പോലെ സഞ്ചരിച്ച് ജീവിതം ആസ്വദിക്കാനും മാതൃരാജ്യത്തിന് പുറത്ത് പോയി വിദൂരത്തുള്ള ഒരു സ്ഥലത്ത് ജോലി ചെയ്യാനുമൊക്കെ ആഗ്രഹിക്കുന്നവർ നിരവധിയാണ്. അത്തരക്കാരെ സഹായിക്കുന്നതാണ് ഡിജിറ്റൽ നൊമാഡ് വിസ. മറ്റൊരു രാജ്യത്ത് യാത്ര ചെയ്യുന്നതിനും ഒരു ചെറിയ കാലയളവ് അവിടെ താമസിക്കുന്നതിനും സഹായിക്കുക മാത്രമല്ല ഒരു ഡിജിറ്റൽ നൊമാഡ് വിസ ചെയ്യുന്നത്. ആ രാജ്യങ്ങളിലെ ചെറിയ അസോസിയേഷനുകളുമായും ബിസിനസുകളുമായും വ്യക്തികളുമായും സഹകരിച്ച് ജോലി ചെയ്യാനുള്ള അവസരവും നിങ്ങൾക്കു ലഭിക്കും.
റിമോട്ട് ജോലി അനുവദിക്കുന്ന സ്ഥാപനത്തിലാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കിൽ ജോലി ആ രാജ്യങ്ങളിലെത്തി തുടരുകയും ചെയ്യാം. കോവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണും പലർക്കും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ചിലര്‍ക്കെങ്കിലും അവ പല അവസരങ്ങളും നൽകിയിരുന്നു എന്നതാണ് വസ്തുത. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ലോകത്തിന്റെ ഏത് കോണിലിരുന്നും തങ്ങളുടെ ജോലി ചെയ്യാനുള്ള അവസരം പലര്‍ക്കും ലഭിച്ചു. ചിലർ ഈ അവസരം മുതലെടുത്തുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് പോകുകയും ചെയ്തു. അത്തരക്കാർക്കും ഏറെ ഉപകാരപ്രദമായിരുന്നു ഈ ഡിജിറ്റൽ നോമാഡ് വിസ.
ടൂറിസ്റ്റ് വിസയെക്കാള്‍ കാലപരിധിയുള്ള ഡിജിറ്റല്‍ നൊമാഡ് വിസ വഴി ദീർഘകാല താമസക്കാരെ കൊണ്ടുവരാനും ടൂറിസം രംഗം ശക്തിപ്പെടുത്താനും പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. കോവിഡ് കാലത്ത് തകര്‍ന്ന സമ്പദ്‌വ്യവസ്ഥ തിരികെ പിടിക്കാനും പല രാജ്യങ്ങളും ഡിജിറ്റല്‍ നൊമാഡ് വിസ നൽകുന്നുണ്ട്. എന്നാൽ ഓരോ രാജ്യങ്ങളിലെയും നിയമങ്ങളും മാനദണ്ഡങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. ഇതിനായുള്ള ചെലവുകൾ, ഫീസ്, അപേക്ഷിക്കേണ്ട രീതി, വിസാ കാലാവധി എന്നിവയെല്ലാം ഓരോ രാജ്യത്തും വ്യത്യാസമായിരിക്കും.
STORY HIGHLIGHTS : What is a Digital Nomad Visa? Which countries issue this visa?