യാത്രകൾ ഇഷ്ട്ടപ്പെടുന്നവർ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് സൈലന്റ്‌വാലി.നിശബ്ദ താഴ്‌വര, കേരളത്തിന്റെ ഈ മഴക്കാട് എന്നിങ്ങനെയാണ് സൈലന്റ്‌വാലി അറിയപ്പെടുന്നത്. കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു. ഇന്തോ-ആസ്ത്രേലിയൻ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. സൈലന്റ്‌വാലിയുടെ ജൈവവൈവിധ്യത്തിനു മുഖ്യകാരണം ഈ 70 ലക്ഷം വർഷങ്ങളുടെ പഴക്കമായിരിക്കണമെന്നാണ് പൊതുവേയുള്ള അനുമാനം.
പാണ്ഡവന്മാരുമായി ബന്ധപ്പെടുത്തിയുള്ള ഏറെ ഐതിഹ്യങ്ങൾ പ്രദേശവുമായി ബന്ധപ്പെട്ടുണ്ട്. പ്രദേശത്തുകൂടി ഒഴുകുന്ന കുന്തിപ്പുഴ എന്ന പുഴയും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സൈരന്ധ്രി എന്ന പേരുതന്നെ പാഞ്ചാലിയുടെ പര്യായമാണ്. 1914-ൽ മദ്രാസ് സർക്കാർ ഈ പ്രദേശത്തെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചതു മുതലാണ് സൈലന്റ്‌വാലിയുടെ ആധുനിക ചരിത്രം ആരംഭിച്ചത്. 1975 കാലഘട്ടത്തിൽ കേരള വൈദ്യുതി വകുപ്പ് സൈലന്റ്‌വാലിയിൽ കൂടി ഒഴുകുന്ന കുന്തിപ്പുഴയിലെ പാത്രക്കടവ് ഭാഗത്തു അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോൾ, ഹെക്ടർ കണക്കിനു മഴക്കാടുകൾ വെള്ളക്കെട്ടിനടിയിലാകുമെന്ന കാരണത്താൽ പ്രകൃതിസ്നേഹികളുടെ നേതൃത്തത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും, 1984-ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധി പാത്രക്കടവു ജലവൈദ്യുത പദ്ധതി നിർത്തലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രൊഫ.എം.കെ. പ്രസാദ്, സുഗതകുമാരി[1], എൻ.വി. കൃഷ്ണവാര്യർ, വി.ആർ. കൃഷ്ണയ്യർ തുടങ്ങിയവരായിരുന്നു സൈലന്റു വാലി സംരക്ഷണ പ്രക്ഷോഭത്തിനു മുൻകൈയെടുത്തവരിൽ പ്രമുഖർ. കേരള ശാസ്ത്രസാഹിത്യ പരിഷത് പദ്ധതിക്കെതിരേ രംഗത്തു വന്ന ഒരു പ്രമുഖ സംഘടനയാണ്. സൈലന്റ്‌വാലി സംരക്ഷണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടാനും മാത്രം ശക്തവും രാജ്യവ്യാപകവും ആയിരുന്നു എന്നത് എടുത്തു പറയണ്ട കാര്യമാണ്. 1979-ൽ അന്നത്തെ കാർഷിക വകുപ്പ് സെക്രട്ടറി ആയിരുന്ന ഡോ. എം. എസ്. സ്വാമിനാഥൻ നടത്തിയ സർവ്വേ പ്രകാരം 1980-ൽ തന്നെ സൈലന്റ്‌വാലി ദേശീയോദ്യാനമാണെന്ന് ഭാരത സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പാത്രക്കടവു ജലവൈദ്യുത പദ്ധതി പ്രദേശം ഒഴിവാക്കിയിരുന്നു. എന്നാൽ പ്രക്ഷോഭ ശേഷം 1984-ൽ ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ അതിർത്തിക്കുള്ളിൽ നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു.
1985 സെപ്റ്റംബർ 7-നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു. സൈലൻറ് വാലിയുടെ സസ്യാവരണത്തിൻറെ സവിശേഷതയും മഴക്കാടുകളുടെ പ്രാധാന്യവും മനസ്സിലാക്കിയ ഐക്യരാഷ്ട്ര സംഘടന ലോകത്തിലെ തന്നെ ഏറ്റവും സംരക്ഷണമർഹിക്കുന്ന ജൈവമേഖലയായ നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ മൂലകേന്ദ്രമായി ഈ നിശ്ശബ്ദ താഴ്വരയെ മാറ്റുകയുണ്ടായി. 89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടം ദേശീയോദ്യാനങ്ങളിൽ താരതമ്യേന ചെറുതാണ്. നീലഗിരി പീഠഭൂമിയുടെ ഭാഗമാണെങ്കിലും തെക്കു ഭാഗം പാലക്കാടൻ സമതലങ്ങളുമായി ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 658 മീറ്റർ മുതൽ 2384 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. കുന്തിപ്പുഴയാണ് സൈരന്ധ്രി വനത്തിലൂടെ ഒഴുകുന്ന ഏക നദി. 2800 മി.മീ മുതൽ 3400 മി.മീ വരെയാണ് വാർഷിക വർഷപാതം. സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ കിഴക്കൻ ഭാഗങ്ങൾ പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശങ്ങളായതുകൊണ്ട് അവിടെ മഴ കുറവാണ്. 39° സെൽഷ്യസ് വരെ ഇവിടെ കൂടിയ ചൂടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 20.2° സെൽഷ്യസ് ആണ് ആപേക്ഷിക ശരാശരി. നീലഗിരി ജൈവമേഖലയുടെ കാതൽ പ്രദേശമാണ് സൈരന്ധ്രി വനം.
STORY HIGHLIGHTS : Let’s enjoy the beauty of the silent forest; let’s go to Silent Valley