സാധാരണ മത്തി വാങ്ങുമ്പോൾ വൃത്തിയാക്കുന്ന അതേ രീതിയിൽ തന്നെ വാങ്ങിച്ച മത്തി മുഴുവനായും നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു മൺചട്ടിയെടുത്ത് അതിന്റെ ഏറ്റവും താഴത്തെ ലെയറിൽ ഒരു പിടി അളവിൽ കല്ലുപ്പ് വിതറി കൊടുക്കുക. അതിന്റെ മുകളിലേക്ക് കഴുകി വൃത്തിയാക്കി വെച്ച മത്തി നിരത്തിയ ശേഷം വീണ്ടും മുകളിൽ ഒരു ലയർ കൂടി ഉപ്പിട്ട് നിരത്തുക. പാത്രം ഒരു അടപ്പുപയോഗിച്ച് അടച്ച ശേഷം അതിന് മുകളിൽ ഒരു ഇടികല്ല് കയറ്റി വയ്ക്കുക. ഈയൊരു രീതിയിൽ രണ്ട് ദിവസമാണ് മീൻ അടച്ച് സൂക്ഷിക്കേണ്ടത്. മൂന്നാമത്തെ ദിവസം പാത്രം തുറന്ന് അതിലെ വെള്ളമെല്ലാം കളഞ്ഞ് മീനിലെ വെള്ളം പോകാൻ പാകത്തിൽ ഒരു പാത്രത്തിൽ ഇട്ടു വെക്കുക.
ശേഷം നേരത്തെ ചെയ്ത അതേ രീതിയിൽ തന്നെ മൺചട്ടിയിൽ ഉപ്പ് വിതറി അതിനു മുകളിൽ മീൻ നിരത്തി വീണ്ടും മുകളിൽ ഉപ്പിട്ട് രണ്ടുദിവസം കൂടി അടച്ച് സൂക്ഷിക്കുക. മൂന്നാമത്തെ ദിവസം നേരത്തെ പറഞ്ഞ അതേ രീതിയിൽ തന്നെ മീൻ എടുത്ത് മാറ്റി വയ്ക്കുക. ഇത്തരത്തിൽ മീൻ പൂർണ്ണമായും ഉണങ്ങുന്നത് വരെ ചെയ്തെടുക്കണം. പിന്നീട് ഇത് ഒരു പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുകയാണെങ്കിൽ ആവശ്യമുള്ള സമയത്ത് എടുത്ത് ഉപയോഗിക്കാവുന്നതാണ്.