Travel

ആരെയും ആകർഷിക്കുന്ന മനോഹര പർവ്വതം; ദലൈലാമയുടെ സങ്കേതമായ ധര്‍മശാല ! | Dharamsala, the Dalai Lama’s sanctuary

ധര്‍മശാല പേരുകേട്ട ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിലൊന്നു കൂടിയാണ്

ധര്‍മശാല ഹിമാചല്‍ പ്രദേശിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ് . തലസ്ഥാനമായ ഷിംലയില്‍ നിന്നും 247 കിലോമീറ്റര്‍ ദൂരത്തായി സ്ഥതിചെയ്യുന്ന ധര്‍മശാല പേരുകേട്ട ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിലൊന്നു കൂടിയാണ്. കംഗ്രാ വാലിയിലേക്കുള്ള പ്രേശനകവാടം എന്നറിയപ്പെടുന്ന ധര്‍മശാലയിലാണ്‌ ദലൈലാമയുടെ ആശ്രമം. മനോഹരമായ മലനിരകളുടെ കാഴ്ചകള്‍ തരുന്ന ധര്‍മശാലയിലേക്ക് മണാലിയില്‍ നിന്നും 243 കിലോമീറ്ററും ചണ്ഡീഗഡില്‍ നിന്നും 251 കിലോമീറ്ററും ഡല്‍ഹിയില്‍നിന്നും 496 കിലോമീറ്ററും ദൂരമുണ്ട്. 1905 ലെ ഭൂമികുലുക്കത്തില്‍ അമ്പേ തകര്‍ന്നുപോയ കംഗ്രാ വാലി പിന്നീട് വിനോദസഞ്ചാരത്തിന് പേരുകേട്ട കേന്ദ്രമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അപ്പര്‍ ധര്‍മശാല, ലോവര്‍ ധര്‍മശാല എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ധര്‍മശാലയെ. ലോവര്‍ ധര്‍മശാല വാണിജ്യത്തിനും ഷോപ്പിംഗിനും മറ്റും പേരുകേട്ട സ്ഥലമാണെങ്കില്‍ അപ്പര്‍ ധര്‍മശാല ഇപ്പോഴും കോളനിഭരണക്കാലത്തിന്റെ അടയാളങ്ങള്‍ പേറുന്നതാണ്.

കനത്ത കാട്ടിന് നടുവിലാണ് ധര്‍മശാലയുടെ കിടപ്പ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. മൂന്നുവശത്തും ധൗലാധര്‍ റേഞ്ചുകളാണ് ധര്‍മശാലയ്ക്ക് അതിര്‍ത്തി. ഓക്കുമരങ്ങളുടെയും നിത്യഹരിതവൃക്ഷങ്ങളുടെയും കേന്ദ്രം കൂടിയാണ് ധര്‍മശാല. ധര്‍മശാലയുടെ കലാ – സാംസ്‌കാരിക പാരമ്പര്യം കണ്ട് മനസ്സിലാക്കാനായി കംഗ്രാ ആര്‍ട്ട് മ്യൂസിയത്തിലേക്ക് ഒരു യാത്ര നടത്തിയാല്‍ മാത്രം മതി. അഞ്ചാം നൂറ്റാണ്ടുമുതലുളള നാണയങ്ങളും പാത്രങ്ങളും പെയിന്റിംഗുകളും ആഭരണങ്ങളും രാജകീയ ഉടയാടകളും എഴുത്തോലകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയുടെ ലിറ്റില്‍ ലാസ എന്നൊരു വിൡപ്പേരുകൂടിയുണ്ട് ധര്‍മശാലയ്ക്ക്. 1960 ല്‍ നാടുകടത്തപ്പെട്ട സമയത്ത് ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ ധര്‍മശാലയില്‍ ഒരു ആശ്രമം പണിത് കഴിഞ്ഞിരുന്നു. നിരവധി ടിബറ്റന്‍ ജനത ജീവിക്കുന്ന പ്രദേശം കൂടിയാണ് ധര്‍മശാല. ലാമമാരുടെ നാട് എന്നും ധര്‍മശാല വിളിക്കപ്പെടുന്നുണ്ട്.

ടിബറ്റന്‍ ബുദ്ധിസത്തിന് ഏറെ പ്രചാരമുള്ള ധര്‍മശാലയിലെ മക്ലോഡ്ഗഞ്ച് പോലുള്ള പ്രദേശങ്ങള്‍ മതകേന്ദ്രം എന്ന നിലയില്‍ മാത്രമല്ല വിദ്യാഭ്യാസപരമായും ഏറെ പുരോഗമിച്ചവയാണ്. ടിബറ്റന്‍ മൊണാസ്ട്രികളും ഹിന്ദു ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും ധര്‍മശാലയില്‍ കാണാം. ടിബറ്റന്‍ കകൗശല വസ്തുക്കളും ആഭരണങ്ങളും മറ്റുമാണ് ധര്‍മശാലയിലെത്തുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതലായി വാങ്ങിക്കൂട്ടുന്നത്.
നിരവധി ആരാധനായലങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ധര്‍മശാല. പഴയകാലത്തെ ചിലക്ഷേത്രങ്ങളാണ് ജ്വാലാമുഖി ക്ഷേത്രം, ബ്രിജേശ്വരി ക്ഷേത്രം, ചാമുണ്ഡ ക്ഷേത്രം മുതലായവ. കംഗ്രാ ആര്‍ട്ട് മ്യൂസിയം, സെന്റ് ജോണ്‍ ചര്‍ച്ച്, യുദ്ധ സ്മാരകം തുടങ്ങിയവയും ധര്‍മശാലയില്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ്. കോട് വാലി എന്ന ഷോപ്പിംഗ് സെന്ററും പൈന്‍ ഫോറസ്റ്റും പൂന്തോട്ടങ്ങളും ധര്‍മശാലയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു.

കംഗ്രാ വാലിയില്‍ സ്ഥിതിചെയ്യുന്ന ഗഗ്ഗാല്‍ വിമാനത്താവളമാണ് ധര്‍മശാലയ്ക്ക് അടുത്തുള്ള എയര്‍പോര്‍ട്ട്. 15 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ന്യൂ ഡല്‍ഹിയിലേക്ക് ഇവിടെ നിന്നും ഡൊമസ്റ്റിക് വിമാന സര്‍വ്വീസുണ്ട്. കംഗ്രാ മന്ദിറില്‍ 22 കിലോമീറ്റര്‍ ദൂരത്തായി അടുത്ത റെയില്‍വേ സ്‌റ്റേഷനുണ്ട്. ചെറിയ ഒരു റെയില്‍വെ സ്്‌റ്റേഷനാണിത്, നിരവധി ട്രെയിനുകള്‍ നിര്‍ത്തുക പതിവില്ല, 85 കിലോമീറ്റര്‍ ദൂരത്തായി പത്താന്‍കോട്ട് ആണ് ധര്‍മശാലയ്ക്ക് സമീപത്തുള്ള പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷന്‍. പ്രൈവറ്റ് ബസ്സുകള്‍ വഴിയും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസുകള്‍ വഴിയും ധര്‍മശാലയില്‍ എത്തിച്ചേരാന്‍ സാധിക്കും. മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളിലാണ് ഇവിടെ വേനല്‍ക്കാലം. 38 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഇക്കാലത്ത് താപനില. മണ്‍സൂണ്‍ കാലത്ത് പൊതുവേ സഞ്ചാരികള്‍ ധര്‍മശാലയിലെത്താറില്ല. നാല് ഡിഗ്രിയില്‍ താഴെവരെയെത്തുന്ന കാലാവസ്ഥയില്‍ ഇവിടെ ഡ്രൈവിംഗ് തന്നെ പ്രയാസകരമായിരിക്കും.

STORY HIGHLIGHTS :  Dharamsala, the Dalai Lama’s sanctuary