ചേരുവകൾ
വൃത്തിയാക്കിയ ചെമ്മീൻ , തേങ്ങ ചിരണ്ടിയത് , ചെറിയ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില , മുളകുപൊടി , മല്ലിപൊടി , മഞ്ഞൾപൊടി , വാളൻപുളി , തക്കാളി , കടുക് , വെളിച്ചെണ്ണ , ഉപ്പ് എന്നിവയാണ്.
പാചകം ചെയ്യുന്ന വിധം
: ഇഞ്ചി , വെളുത്തുള്ളി, ചെറിയ ഉള്ളി , തക്കാളി എന്നിവ ചെറുതായി അരിയുക . ഒരു പാനിൽ ഇത്തിരി വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം വെളുത്തുള്ളി , ഇഞ്ചി , ചെറിയ ഉള്ളി , കറിവേപ്പില , തേങ്ങ ചിരണ്ടിയത് ,എന്നിവ മീഡിയം തീയിൽ ഇളക്കുക. ഇവ ഗോൾഡൻ നിറമായി കഴിയുമ്പോൾ , ആവശ്യത്തിന് മുളകുപൊടിയും മല്ലിപൊടിയും ചേർത്ത് നന്നായി ഇളക്കുക. പച്ച മണം മാറി കഴിയുമ്പോൾ തീ അണച്ച് തണുക്കാൻ വെക്കുക . തണുത്തു കഴിയുമ്പോൾ ഈ കൂട്ട് ആദ്യം വെള്ളം ഒഴിക്കാതെയും പിന്നെ ഒരല്പം വെള്ളം ചേർത്തും അരച്ചെടുക്കുക. വാളൻപുളി വെള്ളത്തിൽ ഇട്ടു അലിയിച്ചു പുളി വെള്ളം മാത്രം എടുക്കുക . ഇനി ഒരു ചട്ടിയിൽ വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ , പുളി വെള്ളം , തക്കാളി, മഞ്ഞൾപൊടി , ഉപ്പു എന്നിവ ചേർത്ത് വേവിക്കുക. ചെമ്മീൻ ഒരുപാടു വെന്തു പോകാതെ ശ്രദ്ധിക്കണം. തിളച്ചു തുടങ്ങുമ്പോൾ , ചെമ്മീനിന്റെ വേവ് നോക്കിയിട്ടു അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്തിളക്കുക. ഉപ്പു നോക്കി ആവശ്യമെങ്കിൽ അല്പം കൂടി ചേർത്ത് , തിളച്ചതിനു ശേഷം വാങ്ങി വെക്കുക. കടുക് പൊട്ടിച്ചു ചേർക്കുക. ചെമ്മീൻ തീയ്യൽ തയ്യാർ.